വാർദ്ധക്യം മറന്ന് വനക്കാഴ്ചകളിൽ; വയോജനങ്ങൾക്ക് ഉല്ലാസദിനമൊരുക്കി ജനമൈത്രി പോലീസ്

കൽപ്പറ്റ: 87 വയസുള്ള ലക്ഷ്മിയമ്മയും 80 തികഞ്ഞ എൽസമ്മയും കേശവനും, നാരായണനുമെല്ലാം പുറംലോകത്തെ വിശാലതയിലേക്ക് കുട്ടികളെ പോലെ നോക്കിനിന്നു. മുത്തങ്ങ ആനപന്തിയിലെ ആനകളെ കണ്ടപ്പോൾ കണ്ണുകൾ വിടർന്നു. കൂട്ടത്തിലെ മറ്റുള്ളവർക്കും അവർ ആവേശത്തോടെ ആനയെ കാണിച്ചു കൊടുത്തു.

“ആന വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റാത്തവരാണല്ലോ…” എന്ന തമാശയ്ക്ക്, “വേണമെങ്കിൽ ആന ഓടി രക്ഷപ്പെട്ടോട്ടെ” എന്ന മറുപടിയുയർന്നു. പിന്നാലെ പൊട്ടിച്ചിരികളുയർന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകളും ആകുലതകളും മറന്ന് ഒരു ദിനം മുഴുവൻ ആഘോഷിമാക്കി മാറ്റുകയായിരുന്നു അവർ. കൽപ്പറ്റ ക്ലാര ഭവൻ, പഴൂർ സെന്റ് മാത്യൂസ് ഭവൻ എന്നീ വൃദ്ധ സദനങ്ങളിലെ താമസക്കാർക്ക് വേണ്ടി വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ഉല്ലാസയാത്രയാണ് ശ്രദ്ധേയമായത്. ‘പ്രശാന്തി’ പദ്ധതിയുടെ ഭാഗമായി ജില്ലാ വനം വകുപ്പിന്റെ സഹകരണത്തോടെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലേക്കാണ് ഏകദിന ഉല്ലാസ യാത്ര നടത്തിയത്.

 

വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസം പകരുകയെന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര അക്ഷരാർത്ഥത്തിൽ നിറവേറി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അവശതകള്‍ മറന്ന് നിറഞ്ഞ മനസ്സോടെ എല്ലാവരും ഉല്ലാസ യാത്ര ആസ്വദിച്ചു. നടക്കാന്‍ പ്രയാസമുള്ളവരെ പൊലീസുകാരും വൃദ്ധ സദന ജീവനക്കാരും കൗൺസിലർമാരും ചേർന്ന് കൈ പിടിച്ചു നടത്തി. പ്രശസ്ത ഗായകൻ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇവർക്കായി ഒരുക്കിയ സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായി . പോലീസ് ഉദ്യോഗസ്ഥരും വയോജനങ്ങളും പാട്ടുകൾ പാടിയും കയ്യടിച്ചും ആഘോഷിച്ചു. തുടർന്ന്, കാടിന്റെ കാഴ്ചകൾ ആസ്വദിക്കാൻ വന്യജീവി സഫാരിയും ഒരുക്കി. സഫാരിക്കിടെ വയനാട് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ & വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐ.എഫ്.എസ് വയോജനങ്ങളുമായി സംവദിച്ചു.

 

കൽപ്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിൻ ക്ലാര ഭവനിൽ വെച്ച് ഉല്ലാസ യാത്രയുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. പോലീസ് ബസിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിലെത്തി അവിടെ നടന്ന പരിപാടിയിൽ കൽപ്പറ്റ ഡിവൈ.എസ്.പി എം.എം അബ്ദുൾ കരീം മുഖ്യ അതിഥിയായി. റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ കെ.കെ. സുന്ദരൻ, ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസർ എൻ.കെ.ദാമോദരൻ, എ.എസ്.ഐമാരായ. കെ എം, അലാവുദ്ധീൻ, എ. ബി. ശ്യാം ലാൽ, സജീഷ്, എസ്.സി.പി.ഒമാരായ ടി.കെ. ദീപ, പി.കമറുദ്ധീൻ, ബി. പ്രശാന്ത്, പി. സജിത് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.പി ബിനീഷ്, സി.പി.ഒമാരായ എ. മുസ്തഫ, സിയാദ് സൽമാൻ, ശരത് ആർ.ചന്ദ്രൻ, കെ. രഞ്ജിത്ത്, ഫാ. എം.ബി. ഫ്ലാവിയൻ, സിസ്റ്റർ ആനി റോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *