ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പ്രതിസന്ധിയിൽ.

കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പ്രതിസന്ധിയിൽ. വയനാട്ടിലെ തുരങ്കമുഖമായ മേപ്പാടി മീനാക്ഷിയിൽ കഴിഞ്ഞ ജൂലൈ ഏഴിനുണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടർന്നാണ് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചത്. ഈ ദുരന്തത്തിൽ എട്ടുപേർ മരണപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

ദുരന്തത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു വകുപ്പ് പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതിനിടയിൽ തുരങ്കപാതയുമായി ബന്ധപ്പെട്ട പ്രദേശമായ വെള്ളരിമല വില്ലേജിനെ കേന്ദ്ര സർക്കാർ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA)

പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത് മലയോര ജനതയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. തുരങ്കമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പോലും ഇതുവരെ നീക്കം ചെയ്തിട്ടില്ല.

 

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ ഭാഗത്ത് നൂറുമീറ്ററോളം പാറ തുരന്നെടുത്തെങ്കിലും നിലവിലെ സാഹചര്യത്തിൽ തുടർനടപടികൾ അനശ്ചിതത്വത്തിലാണ്. താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ഈ തുരങ്കപാത വിഭാവനം ചെയ്തിരുന്നത്. ചുരത്തിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യം തുടരുമ്പോൾ, ബദൽ സംവിധാനമായ തുരങ്കപാതയുടെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമായ നിലപാട് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും യാത്രികരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *