സ്കൂളിലെ ഓണാഘോഷത്തിൽ പങ്കാളികളായി യു.എസ് സംഘം; കൗതുകവും ആവേശവും നിറഞ്ഞ് പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ

പുൽപ്പള്ളി: വിദേശത്തു നിന്നെത്തിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും വിദ്യാർത്ഥികളുടെ ആവേശം കൊണ്ടും വേറിട്ടതായി പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ ഇത്തവണത്തെ ഓണാഘോഷം. യു.എസ് നേവി ചീഫ് എൻജിനീയർ മിനി അനിരുദ്ധൻ, യു.എസ് നേവി സീനിയർ പ്രോഗ്രാം മാനേജർ ആരോൺ ലോങ്, സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനി നന്ദന എന്നിവരാണ് സ്കൂളിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ അമേരിക്കയിൽ നിന്ന് നേരിട്ടെത്തിയത്.
രാവിലെ സ്കൂളിലെത്തിയ അതിഥികളെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് വിദേശത്തുനിന്നും പ്രമുഖരായ അതിഥികൾ എത്തിയതറിഞ്ഞ് കൗതുകത്തോടെയും ഏറെ ആവേശത്തോടെയുമാണ് കുട്ടികൾ അവരെ കണ്ടതും പരിചയപ്പെട്ടതും. അതിഥികളുടെ സാന്നിധ്യം വിദ്യാർത്ഥികളിൽ വലിയ ഉന്മേഷം പകർന്നു.
തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ സാംസ്കാരിക പരിപാടികളും പരമ്പരാഗത കലാരൂപങ്ങളും അതിഥികൾക്ക് മുന്നിൽ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മുറ്റത്ത് ഒരുക്കിയ ഓണപ്പൂക്കളവും വലിയ ഊഞ്ഞാലും, ഹരിതാഭമായ സ്കൂൾ പരിസരവും വിദേശ സംഘത്തിന് വേറിട്ടൊരു അനുഭവമായി മാറി.
കുട്ടികളുടെ കലാപ്രകടനങ്ങൾ ആസ്വദിച്ച സംഘം, എല്ലാവരോടും വളരെ സൗഹൃദത്തോടും നിഷ്കളങ്കതയോടും കൂടിയാണ് ഇടപെട്ടത്. പരിപാടികൾക്ക് ശേഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും കഴിച്ച ശേഷമാണ് മൂവരും മടങ്ങിയത്. സ്കൂളിലെ മനോഹരമായ കാഴ്ചകളും കുട്ടികളുടെ സ്നേഹവും മനസ്സിൽ സൂക്ഷിച്ചാണ് തങ്ങൾ മടങ്ങുന്നതെന്ന് അവർ വ്യക്തമാക്കി.
സ്കൂൾ മാനേജർ കെ ആർ ജയറാം പ്രിൻസിപ്പൽ കെ ആർ ജയരാജ് വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് എന്നിവർ ചേർന്ന് വിദേശ അതിഥികളെ സ്വീകരിച്ചു. അധ്യാപകരായ പി കെ രാജൻ,സ്വപ്ന പീറ്റർ, വി കെ സായൂജ്,പി ജി ദിനേഷ്കുമാർ,പി ആർ തൃദീപ്കുമാർ,കെ കെ ഷിജിത്കുമാർ, കെ ഷിജു,പി ബി വൈശാഖ് എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *