സര്‍ക്കാര്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന നേതൃസമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരില്‍ വലിയ സാമ്പത്തിക ഭാരം കയറ്റിവയ്ക്കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണം. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി, കുടിവെള്ള ചാര്‍ജ്, അപേക്ഷകള്‍ക്കുള്ള ഫീസ് എന്നിവ വര്‍ധിപ്പിച്ചതും ജനങ്ങളെ ദുരിതത്തിലാക്കി. മരുന്നിനും ഭക്ഷണത്തിനും സാധാരണക്കാര്‍ പിച്ചച്ചട്ടി എടുക്കേണ്ട സ്ഥിതിയാണ്. ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങി. തൊഴിലില്ലായ്മ രൂക്ഷമാണ്.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ശല്യം, ജോലി ചെയ്യുന്നവര്‍ക്ക് കൂലി ലഭിക്കാത്ത അവസ്ഥ, ലൈഫ് പദ്ധതിയുടെ ശോചനീയ സ്ഥിതി, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭിക്കാത്ത സാഹചര്യം തുടങ്ങിയവമൂലം ജനം വിഷമിക്കുമ്പോള്‍ കേരളീയം, നവകേരള സദസ് തുടങ്ങിയ പരിപാടികളുടെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുമ്പോള്‍ പേരിനുമാത്രമാണ് പ്രതിപക്ഷ പ്രതിഷേധമെന്ന് സമ്മേളനം കുറ്റപ്പെടുത്തി. ജനങ്ങളോടുള്ള അവഗണ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിനു രൂപം നല്‍കാന്‍ തീരുമാനിച്ചു.
ചുള്ളിയോട് അസീസി ദേവാലയത്തില്‍ ചേര്‍ന്ന സമ്മേളനം ഫാ.ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചാള്‍സ് വാടശേരില്‍, മോളി മാമൂട്ടില്‍, ജോഷി കാരക്കുന്ന്, രാജു വേനത്താനം, ജോണ്‍ വരകില്‍, രാജു മണക്കുന്നേല്‍, ചെറിയാന്‍ ആലുങ്കല്‍, ജോസ് അങ്ങാടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *