വെള്ളമുണ്ട: വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ആദ്യ ഹൈസ്കൂൾ ബാച്ചിലെ (1958_61) വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ഗ്രാമാദരം നൽകി.
പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രഥമ ബാച്ചിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് ഗ്രാമാദരപത്രവും സ്നേഹോപഹാരവും കൈമാറി.
മംഗലശ്ശേരി മാധവൻ, പ്രൊഫ. കെ. ടി നാരായണൻ,എ ശങ്കരൻ, മംഗലശ്ശേരി നാരായണൻ, എ. ശ്രീധരൻ, എം. മോഹനൻ, എം.പത്മാവതി , സി.ടി ഏലി,എ. ഭാർഗ്ഗവി, വി. കെ രാമൻക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
എൺപതു വയസ്സ് പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളെല്ലാം തന്നെ ഒരിടത്തു ഒരുമിച്ചു കൂടിയപ്പോൾ ഉണ്ടായ സന്തോഷവും ആഹ്ലാദവും
സമാഗമത്തെ വികാരഭരിതമാക്കി.
പതിറ്റാണ്ടുകൾക്കു ശേഷം ഒരുമിച്ചതിന്റെ സന്തോഷങ്ങൾ പങ്ക് വെച്ചും ഓർമ്മകൾ അയവിറക്കിയും പഴയെ സഹപാഠികൾ ചടങ്ങിൽ സമയം ചെലവിട്ടു.
പഴയ ബന്ധങ്ങൾ ആഘോഷിക്കുന്നതിനും പുതുക്കുന്നതിനുമായി ലഭിച്ച അവസരം എന്നതിലുപരി പുതിയ തലമുറയുടെ ആദരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലുമാണ് പഴയെ കൂട്ടുകാർ.
സംസാരിച്ചിട്ടും മതിയാകാതെ വിശേഷങ്ങൾ പറഞ്ഞു തീരാതെ കണ്ടിട്ടും കൊതിതീരാതെ അവർ പഴയ ഹൈസ്കൂൾ വിദ്യാർത്ഥി കാലഘട്ടത്തിലെ ഓർമ്മചെപ്പുകൾ ഓരോന്നായി തുറന്നു.
വർഷങ്ങൾക്കു ശേഷം ഒരുമിച്ചു കൂടിയപ്പോൾ അത് അവർക്ക് മനസ്സിന് കുളിരണിയിക്കുന്ന അനുഭവമാവുകയും സ്നേഹജ്വാലയായ് പരസ്പരം പടരുകയും ചെയ്തു.
