പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  പുല്‍പ്പള്ളി ബള്‍ക്ക് വാട്ടര്‍ സപ്ലൈ സ്‌കീം ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജല ഗുണനിലവാര പരിശോധന  ലാബിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം എം എല്‍ എ  ഐ സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജലനിധി പ്രോജക്ടുകള്‍ക്ക് കീഴില്‍ കേരളത്തില്‍ രണ്ട് വാട്ടര്‍ ടെസ്റ്റിംഗ് ലാബുകള്‍ മാത്രമാണ് ഇന്ന് നിലവിലുള്ളത്. അതു രണ്ടും പ്രവര്‍ത്തിക്കുന്നത് വയനാട് ജില്ലയിലാണ് ഒന്ന് നെന്മേനി ഗ്രാമപഞ്ചായത്തിലും രണ്ട് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലുമാണ്. 

മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. വിജയന്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്റ്  മിനി പ്രകാശന്‍ വിവിധ പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് പ്രതിനിധി യോഹന്നാന്‍, എസ് എല്‍ ഇ സി ഭാരവാഹികള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള പ്രമുഖരായ മറ്റ് വ്യക്തിത്വങ്ങള്‍, ബി.ജി ഭാരവാഹികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍  പങ്കെടുത്തു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പൂതാടി പഞ്ചായത്തുകളില്‍ ഉള്ള ജനങ്ങള്‍ക്ക് ജല പരിശോധന ഏറ്റവും എളുപ്പത്തില്‍ നടത്തുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയിരിക്കുന്ന ലാബില്‍ ഏറ്റവും മിതമായ നിരക്കില്‍ ജല പരിശോധന നടത്തുന്നതിന് കഴിയുന്നതാണ്.