ലോക എയ്ഡ്‌സ് ദിനാചരണം; ഐ.ഇ.സി വാന്‍ ജില്ലയില്‍ പര്യടനം നടത്തി

കൽപ്പറ്റ : ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ‘കമ്മ്യൂണിറ്റികള്‍ നയിക്കട്ടെ’ ബോധവത്കരണ ക്യാമ്പെയിനിന്റെ ഭാഗമായി ഐ.ഇ.സി വാന്‍ ജില്ലയില്‍ പര്യടനം നടത്തി. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഐ.ഇ.സി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലകളിലെ ടി.ഐ സുരക്ഷ പദ്ധതികളുടേയും ജില്ലാ പോസിറ്റീവ് നെറ്റ് വര്‍ക്കുകളുടേയും സഹകരണത്തോടെയാണ് ബോധവത്കരണ വാന്‍ ജില്ലയില്‍ പര്യടനം നടത്തിയത്. കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങുല്‍ കല്‍പ്പറ്റനഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി. മുസ്തഫ പ്രതിജ്ഞ ചൊല്ലികൊടുത്തു.

എച്ച്.ഐ.വി ബാധിതരെ സംരക്ഷിക്കുക, ചികിത്സ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പെയിന്‍ നടത്തുന്നത്. കല്‍പ്പറ്റ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി, പുല്‍പ്പളളി എന്നിവടങ്ങളില്‍ ബോധവത്കരണ വാന്‍ പര്യടനം നടത്തി. എക്സിബിഷനും കൗണ്‍സിലിംഗും സൗജന്യ എച്ച്.ഐ.വി നിര്‍ണയ ടെസ്റ്റും ഇതിന്റെ ഭാഗമായി നടത്തി. ജില്ലയിലെ 6 കേന്ദ്രങ്ങളിലാണ് സൗജന്യമായ സേവനങ്ങള്‍ നല്‍കിയത്. തെരുവ് നാടകവും കലാപരിപാടികളും നടന്നു. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സുരക്ഷ മാനേജര്‍ കെ.കെ സിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *