കഴിഞ്ഞ ഒമ്പതിനു പകല്‍ കൂടല്ലൂരില്‍ കര്‍ഷകന്‍ പ്രജീഷിനെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ കൂടുവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടിക്കാനായില്ലെങ്കില്‍ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായിരുന്നു. പിടിക്കാന്‍ വനം ദൗത്യ സംഘം ശ്രമിക്കുന്നതിനിടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. നരഭോജി കടുവയെ കൊല്ലണമെന്ന് പ്രദേശവാസികള്‍ ശഠിച്ചിരുന്നു. കടുവയെ കൂടല്ലൂരില്‍നിന്നു ജീവനോടെ കൊണ്ടുപോകുന്നതിനെ അവര്‍ എതിര്‍ക്കുകയുമുണ്ടായി. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ രാത്രി 8.15ഓടെയാണ് കടുവയെ കൂടല്ലൂരില്‍നിന്നു ബത്തേരിക്കു മാറ്റിയത്. പ്രാഥമിക ചികിത്സ നല്‍കിയശേഷം കടുവയെ തൃശൂരിലേക്കു മാറ്റുമെന്ന് വനം ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്കിടെ ഉറപ്പുനല്‍കിയിരുന്നു.
