തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള അനുവാദവും നല്‍കും.
അനുയോജ്യമായ സ്ഥല ലഭ്യതയ്ക്ക് അനുസൃതമായി ഒന്നിലധികം ടൗണ്‍ഷിപ്പുകളാണു സർക്കാർ ഉദ്ദേശിക്കുന്നത്. പത്തോളം പ്രദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. അവിടങ്ങളിലും വിദഗ്ധസമിതി ഭൂമിശാസ്ത്ര പഠനം നടത്തിയശേഷമാകും തീരുമാനത്തിലെത്തുക. വീടുകള്‍ നിർമിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തവരുമായി ആശയവിനിമയം നടത്തി വീടുനിർമാണ പദ്ധതിയും തയാറാക്കണം. ടൗണ്‍ഷിപ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എവിടെയെന്നും എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്നും ദുരിതബാധിതരെ ബോധ്യപ്പെടുത്തും. അവരുടെ അഭിപ്രായത്തിനാകും മുൻതൂക്കം.
അതേസമയം, ആരെങ്കിലും ടൗണ്‍ഷിപ്പിനു പുറത്തു ബന്ധുവീടുകള്‍ക്കു സമീപമോ മറ്റോ താമസിക്കാൻ താല്പര്യപ്പെടുന്ന സാഹചര്യവും ഉണ്ടായേക്കാം. കഴിഞ്ഞ പ്രളയത്തില്‍ ഉള്‍പ്പെടെ, പ്രകൃതിദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുകയും ഭൂമി വാസയോഗ്യമല്ലാതാവുകയും ചെയ്ത ഘട്ടങ്ങളില്‍ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് നിർമിക്കാൻ നാലു ലക്ഷം രൂപയുമാണു സർക്കാർ നല്‍കിയത്. ഈ മാതൃക ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതും പരിഗണിക്കേണ്ടിവരും. കൃഷിയില്‍നിന്ന് ഉപജീവനം കണ്ടെത്തുന്നവരാണ് എന്നതും നാശത്തിന്റെ വ്യാപ്തിയും കണക്കിലെടുത്ത് തുക വർധിപ്പിക്കാനും ഇടയുണ്ട്. എന്നാല്‍ ടൗണ്‍ഷിപ്പിനു തന്നെയാണ് സർക്കാർ മുൻഗണന നല്‍കുന്നത്. ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍നിന്ന് ആരും മോചിതരായിട്ടില്ലെന്നതിനാല്‍ അവർക്ക് ആലോചിച്ചു തീരുമാനമെടുക്കാനുള്ള സമയം നല്‍കിയശേഷം മാത്രമേ സർക്കാർ സ്ഥിരം പുനരധിവാസ പ്രവർത്തനത്തിലേക്കു കടക്കുകയുള്ളൂ. ആരുമില്ലാത്തവരായി മാറിയ 21 പേരുണ്ട്. 5 പുരുഷൻമാമാർ, 10 സ്ത്രീകള്‍, 18 വയസ്സിനു താഴെയുള്ള 6 പേർ. ഇവരുടെ പുനരധിവാസം പാക്കേജില്‍ പ്രത്യേകമായി ഇടംപിടിച്ചേക്കും.
