പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍; വ്യാപാരികള്‍ക്കു 25 കോടി നഷ്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി.

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയി, ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനയ്ക്കല്‍, വൈസ് പ്രസിഡന്റ് എ.പി. ശിവദാസ്, സെക്രട്ടറിമാരായ അഷ്‌റഫ് മേപ്പാടി, പി.വി. അജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ഉരുള്‍പൊട്ടല്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും 78 വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചു. കടകളില്‍ ചിലത് പൂര്‍ണമായും മറ്റുള്ളവ ഭാഗികമായും തകര്‍ന്നു. പല കടകളിലും ചരക്ക് നാമാവശേഷമായി. പ്രകൃതിദുരന്തം വ്യാപാരികളെ വലിയ പ്രതിസന്ധിയിലാണ് അകപ്പെടുത്തിയത്. ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ കടം ഉള്ളവരാണ് കച്ചവടക്കാരില്‍ മിക്കവരും. വ്യാപാരികള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളിലുള്ള
ബാധ്യത പൂര്‍ണമായും എഴുതിത്തള്ളണം. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം.
മുണ്ടക്കൈ, ചൂരല്‍മല ടൗണുകളില്‍ അടിഞ്ഞ കല്ലും മണ്ണും മരക്കഷണങ്ങളും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വ്യാപാരികള്‍ നീക്കിവരികയാണ്. ഈ പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ചൂരല്‍മല ടൗണില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനം ഉണ്ടാകണം. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണം. വരുമാനം നഷ്ടപ്പെട്ട് വ്യാപാരികളും തൊഴിലാളികളും ബുദ്ധിമുട്ടിലാണ്.
ഉരുള്‍പൊട്ടല്‍ ജില്ലയില്‍ ടൂറിസം മേഖലയെ തളര്‍ത്തിയിരിക്കയാണ്. ജില്ലയില്‍ സംരംഭകരും ടാക്‌സി, ഓട്ടോ തൊഴിലാളികളും ഉള്‍പ്പടെ അനേകം പേര്‍ ഉപജീവനത്തിന് ആശ്രയിക്കുന്നതാണ് ടൂറിസം മേഖല. ഉരുള്‍പൊട്ടലില്‍ വയനാട് തകര്‍ന്നു എന്നാണ് പുറമെ പ്രചാരണം. ഇത് ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവിനെ ബാധിച്ചു. വയനാടിനെക്കുറിച്ച് സഞ്ചാരികള്‍ക്കിടയില്‍ രൂപപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ദുരന്തമേഖലയ്ക്കു പുറത്ത് ടൂറിസം പ്രോത്സാഹനത്തിനു നടപടി ഉണ്ടാകണം.
ദുരന്ത ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ജൂലൈ 30 മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വ്യാപാരികള്‍ നടത്തുന്നത്. മേപ്പാടി വ്യാപാരഭവനില്‍ ക്യാമ്പ് ഓഫീസ് തുറന്നാണ് സേവനം ലഭ്യമാക്കുന്നതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *