കൽപറ്റ: മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടലിൽ കൃത്യമായ നഷ്ടം വിലയിരുത്താനും പുനർനിർമാണ സാധ്യതകൾ നിർദേശിക്കാനുമായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ് മെൻ്റ് നടത്തും. ഇന്നു കോഴിക്കോട് എത്തുന്ന എൻഡിഎംഎ സംഘം നാളെ മുതൽ 31 വരെ വയനാട്ടിൽ പ്രവർത്തിക്കും. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെയാണ് സർക്കാർ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ 8 കിലോമീറ്റർ പരിധിയിൽ 86,000 ചതുരശ്ര മീറ്ററിൽ ദുരന്ത വ്യാപനം ഉണ്ടായതായാണ് സർക്കാരിൻ്റെ കണക്ക്. ഈ പ്രദേശങ്ങളിലാണ് സംഘം പരിശോധന നടത്തുക. കേന്ദ്ര സംഘത്തെ സഹായിക്കാനായി മേഖല തിരിച്ചു വിവിധ ടീമുകൾക്കു സംസ്ഥാന സർക്കാർ രൂപം നൽകി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ പ്രദീപ്കുമാർ എന്നിവർ സംഘത്തെ നയിക്കും.
