പുൽപ്പള്ളി സി.എച്ച്.സി.യിലെ ഡോക്ടർമാരുടെ അപര്യാപ്തതയ്ക്ക് അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. അഞ്ഞൂറിലധികം രോഗികൾ ദിവസേന എത്തുന്ന പുൽപ്പള്ളി കമ്മ്യൂണിറ്റി സെന്ററിൽ കേവലം ഒന്നോ രണ്ടോ ഡോക്ടർമാരാണ് സാധാരണയായി ഉണ്ടാകുന്നത്.പുൽപ്പള്ളി – മുള്ളൻകൊള്ളി പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയമായ ഈ ആശുപത്രിയിൽ നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് ഡോക്ടറെ കാണാൻ സാധിക്കാതെ മടങ്ങി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഒ.പി.ഇല്ലായിരുന്നുവെന്ന് മാത്രമല്ല,ഉച്ചവരെ ഒരേയൊരു ഡോക്ടർ മാത്രം 150 രോഗികളെ പരിശോധിക്കുകയും ബാക്കി വന്ന രോഗികൾ ഡോക്ടറെ കാണാൻ സാധിക്കാതെ തിരികെ പോവുകയാണുണ്ടായത്.
മുമ്പ് കൊറോണക്കാലത്തും മറ്റും ഇവിടെ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു.അന്ന് മെഡിക്കൽ ഓഫീസർ അടക്കം രോഗികളെ പരിശോധിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ മെഡിക്കൽ ഓഫീസർക്ക് പലപ്പോഴും രോഗികളെ പരിശോധിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.കോളറയും മറ്റും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ പുൽപ്പള്ളിയിൽ 24 മണിക്കൂറും സേവനം ലഭിക്കുന്ന വിധത്തിൽ ഒരു ഡോക്ടറെയെങ്കിലും നിയമിക്കണമെന്നും, രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ആവശ്യമായ കൂടുതൽ ഡോക്ടർമാരെ ഉടനടി നിയമിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എസ്.അജി മോൻ,ട്രഷറർ M.K.ബേബി,വൈസ് പ്രസിഡണ്ടുമാരായ ജോസ് കുന്നത്ത്,കെ.ജോസഫ്, പി.സി.ടോമി, ഇ.കെ.മുഹമ്മദ് പി.എ.ഷാജിമോൻ സെക്രട്ടറിമാരായ വേണുഗോപാൽ,സി.കെ. ബാബു,കെ.വി.റഫീഖ്, ബാബു രാജേഷ്,ഹംസ ഫ്രണ്ട്സ്, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.
