തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് സർക്കാർ രൂപീകരിച്ച ഉന്നതതല സംഘം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു. രണ്ടുഭാഗങ്ങളായുള്ളതാണ് റിപ്പോർട്ട്. ഇത് അതോറിറ്റിയുടെ ഉപദേശകസമിതി പരിശോധിച്ച് സർക്കാരിനു കൈമാറും.
നാഷണല്‍ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ദസംഘം ആഗസ് 12 മുതല്‍ 15 വരെയാണ് ഉരുള്‍പൊട്ടല്‍ ബാധിതമേഖല സന്ദർശിച്ചത്. മന്ത്രിസഭാ ഉപസമിതിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തിയിരുന്നു. അതിശക്ത മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്നാണ് സമിതിയുടെ കണ്ടെത്തല്‍. റിപ്പോർട്ടുകള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ഉപദേശകസമിതിക്ക് കൈമാറിയെങ്കിലും ആവശ്യമെങ്കില്‍ വിദഗ്ധസംഘം വീണ്ടും വയനാട് സന്ദർശിക്കും. അതിനുശേഷമാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും കാരണങ്ങള്‍ പഠിക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ ഉപദേശകസമിതി വയനാട് സന്ദർശനം നടത്തുകയാണ്. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ ടി മുരളീധരനാണ് സമിതി അധ്യക്ഷൻ. കേന്ദ്ര ഭൗമശാസ്ത്രകേന്ദ്രം ശാസ്ത്രജ്ഞൻ ജി ശങ്കർ, അമൃത യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. വി മനീഷ, കേരള സർവകലാശാലയിലെ മുൻ പ്രൊഫസർ നന്ദകുമാർ, അസി. പ്രൊഫസർ ഡോ. സജിൻകുമാർ എന്നിവർ അംഗങ്ങളായ സമിതിയുടെ കണ്‍വീനർ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ജി എസ് പ്രദീപാണ്.
