അതിജീവനത്തിന്റെ മണിമുഴങ്ങി: മേപ്പാടിയിൽ പുനപ്രവേശനോത്സവം

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെഇന്നലെകളില്‍ നിന്ന് അതിജീവനത്തിന്റെ പുതിയ പാഠങ്ങളും മുന്നേറ്റങ്ങളുമായി വീണ്ടും അവര്‍ ഒത്തുചേര്‍ന്നു. ആര്‍ത്തലച്ചുപോയ നാടിന്റെ കുരുന്നുകളെ ചേര്‍ത്തുപിടിച്ച് മേപ്പാടിയില്‍ നടന്ന പുന: പ്രവേശനോത്സവം കരുതലിന്റെയും പ്രതീക്ഷകളുടെയും പുതിയ സന്ദേശമായി. മുണ്ടക്കൈ, ചൂരല്‍മല ദുരന്തമേഖലകളില്‍ നിന്നുമുള്ള 607 കുട്ടികള്‍ക്കാണ് മേപ്പാടിയില്‍ അതിവേഗം ക്ലാസ് മുറികള്‍ ഒരുങ്ങിയത്. വര്‍ണ ബലൂണുകളും കളിപ്പാട്ടങ്ങളും പാഠ പുസ്തകങ്ങളും പഠനകിറ്റുകളുമെല്ലാം നല്‍കിയാണ് ഈ വിദ്യാര്‍ഥികളെ പുതിയ വിദ്യാലയം വരവേറ്റത്. മുണ്ടക്കൈ ജി.എല്‍.പി സ്‌കൂളിലെ 61 കുട്ടികളും വെളളാര്‍മല ജി.വി.എച്ച്.എസ്.എസ്സിലെ 546 കുട്ടികളുമാണ് മേപ്പാടിയിലെ പുതിയ ക്ലാസ് മുറികളില്‍ പഠനം തുടരുക. ഇവര്‍ക്കായി മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലും മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലുമാണ് ക്ലാസ് മുറികള്‍ തുറന്നത്.

 

ദുരന്ത മേഖലയില കുട്ടികളുടെ പഠനത്തിന് അതിവേഗം തയ്യാറായ ബദൽ സംവിധാനവും പുന: പ്രവേശനോത്സവവും നാടും ഏറ്റെടുക്കുകയായിരുന്നു.

 

ഒരു നാടിന്റെ നൊമ്പരങ്ങളെല്ലാം മറന്ന് പുതിയ പുലരികളിലേക്കുള്ള അവരുടെ യാത്രയും വേറിട്ടതായി. ചൂരല്‍മലയില്‍ നിന്ന് 3 കെ.എസ്.ആര്‍.ടി സി ബസ്സുകളിലായിരുന്നു കുട്ടികളുടെയെല്ലാം മേപ്പാടിയിലെ പുതിയ വിദ്യാലയത്തിലേക്കുള്ള യാത്ര. ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരുമെല്ലാം പങ്കുചേര്‍ന്ന അവരുടെ സ്‌കൂളിലേക്കുള്ള ആദ്യ ദിവസത്തെ യാത്രയും അവിസ്മരണീയമായി. യാത്രയ്ക്കിടയില്‍ നാടന്‍ പാട്ടിന്റെ ഈണത്തില്‍ വെള്ളാര്‍മലയിലെ മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം മുണ്ടക്കൈയിലെ കുഞ്ഞുകൂട്ടുകാരും താളംപിടിച്ചു. എല്ലാം മറന്ന് ഇത് ഇവരുടെ പുതിയ ജീവിതത്തിലേക്കുള്ള യാത്രകൂടിയാവുകയായിരുന്നു. തേയിലേത്തോട്ടങ്ങളെ പിന്നിട്ട് ബസ്സുകള്‍ മേപ്പാടിയിലെത്തുമ്പോള്‍ ഇവരെയെല്ലാം മധുരം നല്‍കി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും മന്ത്രിമാരായ എ.കെ.ശശീന്ദ്രനും, ഒ.ആര്‍ കേളുവും ജനപ്രതിനിധികളും നാടും ഒന്നാകെ അവിടെയുണ്ടായിരുന്നു. പുതിയ കൂട്ടുകാരെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയിലായിരുന്നു വിദ്യാലയത്തിലേക്ക് ആനയിച്ചത്. ആശങ്കകളും വേര്‍തിരിവുകളുമില്ലാതെ കുട്ടികളെല്ലാം അപരിചിതത്വത്തിന്റെ മതില്‍കെട്ടുകളില്ലാത്ത പുതിയ ക്ലാസ് മുറികളിലും ഒത്തുചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *