കൽപ്പറ്റ : ഓണത്തിന് വയനാട് ദുരന്ത പ്രദേശത്തെ ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനില്‍. ജനങ്ങള്‍ക്ക് പരമാവധി ആശ്വാസകരമായ നടപടികള്‍ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും. വയനാട് ദുരന്തം ആയതിനാല്‍ ഓണം വിപണിയില്‍ ആഘോഷപരിപാടികള്‍ ഉണ്ടാകില്ല. സെപ്റ്റംബർ 5 മുതല്‍ 16 വരെ ഓണം ഫെയർ നടക്കും. എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും സാധനങ്ങള്‍ എത്തിച്ചു കഴിഞ്ഞു.13 ഇന സാധനങ്ങളും ഉറപ്പാക്കി. ഓണ ഫെയർ സെപ്റ്റംബർ 5ന് മുഖ്യമന്ത്രി ഉത്ഘാടനം നിർവഹിക്കും. ജൈവ കാർഷിക ഇനങ്ങളും ഫെയറില്‍ ഉള്‍പ്പെടുത്തും.
300 കോടിയുടെ സാധനങ്ങള്‍ക്ക് പർച്ചേസ് ഓർഡർ നല്‍കി. സപ്ലൈകോയിലെ പഞ്ചസാരക്ഷാമം പരിഹരിച്ചു കഴിഞ്ഞു. ഓണത്തിന് മുൻപ് 5 പുതിയ സപ്ലൈകോ ഔട്ട് ലെറ്റുകള്‍ തുറക്കും. 6 ലക്ഷത്തോളം വരുന്ന മഞ്ഞ കാർഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കും. റേഷൻ കടകള്‍ വഴി ആണ് വിതരണം. ഈ മാസം 9 മുതല്‍ വിതരണം ആരംഭിക്കും. വെള്ള നീല കാർഡ് ഉടമകള്‍ക്ക് 10 കിലോ അരി 10 രൂപ 90 പൈസ നിരക്കില്‍ ലഭ്യമാക്കും. ഇത് മാർക്കറ്റില്‍ 50 രൂപ വില വരുന്ന അരിയാണ്. തിരുവനന്തപുരത്തെ കോട്ടൂർ, കളിപ്പാംകുളം , അയിരൂപ്പാറ, കുടപ്പനമൂട്, തുടങ്ങിയ സ്ഥലങ്ങളിലാണ് സപ്ലൈകോയുടെ പുതിയ ഔട്ട്ലെറ്റുകള്‍ ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
