ഉരുള്‍പൊട്ടലില്‍ ജീവിതമാര്‍ഗം നഷ്ടമായ കുടുംബങ്ങളുടെ സംരക്ഷണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണം: ആര്‍. ചന്ദ്രശേഖരന്‍.

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ ജീവിതമാര്‍ഗം നഷ്ടമായ മുഴുവന്‍ കുടുംബങ്ങളുടെയും സംരക്ഷണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഏറ്റെടുക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലായി അനേകം കുടുംബങ്ങളുടെ ജീവനോപാധിയാണ് നഷ്ടമായത്. ഇവരുടെ സംരക്ഷണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. ദുരന്തബാധിതരുടെ മുന്നില്‍നിന്ന് ഭരണാധികാരികള്‍ സാന്ത്വന വാക്കുകള്‍ പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് നടപടികള്‍ ഉണ്ടാകണം. ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കാത്തതു ദൗര്‍ഭാഗ്യകരമാണ്. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തത്തിനു തുല്യമായി കണക്കാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.
പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍മപദ്ധതികള്‍ നടപ്പാക്കണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളില്‍ മാന്യമായ ജീവിതസൗകര്യങ്ങള്‍ ഉറപ്പുവരുത്തി പുനരധിവസിപ്പിക്കണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ ശാസ്തീയ നിര്‍ണയം രാജ്യവ്യാപകമായി നടത്തണം.
തോട്ടം തൊഴിലാളി കുടുംബങ്ങള്‍ ഇക്കാലത്തും ലയങ്ങളില്‍ കഴിയേണ്ടിവരുന്ന സാഹചര്യം ലജ്ജാകരമാണ്. ഭരണ വൈകല്യത്തിന്റെ ഇരകളാണ് തോട്ടം തൊഴിലാളികള്‍. പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്കു മാത്രമായി ഭവന പദ്ധതി നടപ്പാക്കണം. ഇതിനുള്ള ചെലവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും അതത് തോട്ടം മാനേജ്‌മെന്റും സംയുക്തമായി വഹിക്കണം. തോട്ടം തൊഴിലാളികളെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളാക്കണം. ഇതിനാവശ്യമായ നിയമഭേദഗതിക്കു കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ തത്തുല്യമായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണം. മഴ കനത്തുപെയ്യുന്ന കാലത്തും വരള്‍ച്ച ഉണ്ടാകുമ്പോഴും തോട്ടം തൊഴിലാളികള്‍ക്ക് ജോലിയില്ലാത്ത സാഹചര്യം ഒഴിവാകണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. തോട്ടം തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് പി.ജെ. ജോയി, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാനി, വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു, ജില്ലാ പ്രസിഡന്റ് പി.പി. ആലി എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *