വൈത്തിരിയില്‍ ഹണി മ്യൂസിയം 14ന് പ്രവര്‍ത്തനം തുടങ്ങും

കല്‍പ്പറ്റ: ഖാദി കമ്മീഷനു കീഴിലുള്ള കണ്ണൂര്‍, വയനാട് ബീ കീപ്പിംഗ് ക്ലസ്റ്ററുകള്‍ സംയുക്തമായി വൈത്തിരിയില്‍ ഹണി മ്യൂസിയം ആരംഭിക്കുന്നു. തേനീച്ച വളര്‍ത്തല്‍, തേന്‍ ഉത്പാദനം, സംസ്‌കരണം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം എന്നിവയില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറിവ് പകരുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ആരംഭിക്കുന്നതെന്ന് കണ്ണൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി സി. മനോജ്കുമാര്‍, വയനാട് ക്ലസ്റ്റര്‍ സെക്രട്ടറി ടി.എന്‍. ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മ്യൂസിയം ഉദ്ഘാടനം 14ന് രാവിലെ 10ന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിക്കും.
പഴയ വൈത്തിരിയില്‍ ദേശീയപാതയോടു ചേര്‍ന്നുള്ള കെട്ടിടത്തിലും ഇതിനു സമീപം പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്തുമായാണ് മ്യൂസിയം പ്രവര്‍ത്തനം. തേനീച്ച ബ്രീഡിംഗിനും പരിശീലനത്തിനും ഇറ്റാലിയന്‍ തേനീച്ച, നാടന്‍ തേനീച്ച, ചെറുതേനീച്ച നഴ്‌സറികള്‍ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. തേന്‍ ചൂടാകാതെ സംസ്‌കരിക്കാനുള്ള ഡിസ്‌ക് പ്ലാന്റ് സംവിധാനവും മ്യൂസിയത്തിലുണ്ട്. കുട്ടികളുടെ പാര്‍ക്കും ഫുഡ് കോര്‍ട്ടും മ്യൂസിയത്തിന്റെ ഭാഗമാണ്.
പ്രതിവര്‍ഷം 3,000 കര്‍ഷകര്‍ക്ക് മ്യൂസിയം മുഖേന തേനീച്ച വളര്‍ത്തല്‍, തേന്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മണം എന്നിവയില്‍ പരിശീലനം നല്‍കും. പരിശീലനം പൂത്തിയാക്കുന്ന കര്‍ഷകര്‍ക്ക് ഗവ.സഹായ ത്തോടെ തേനീച്ചപ്പെട്ടികള്‍ വിതരണം ചെയ്യും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേന്‍ ന്യായവില നല്‍കി സംഭരിച്ച് മ്യൂസിയം വഴി വിപണനം ചെയ്യും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ അഞ്ച് ലക്ഷം കിലോഗ്രാം തേന്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ പിന്നാക്ക വിഭാഗങ്ങള്‍, പരമ്പരാഗത മേഖലയില്‍ ജോലിയെടുക്കുന്നവര്‍ എന്നിവര്‍ക്ക് മുള, ചൂരല്‍ ഉത്പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കാനും ഉത്പന്നങ്ങള്‍ ശേഖരിച്ച് മ്യൂസിയത്തിലൂടെ വിപണനം ചെയ്യാനും പദ്ധതിയുണ്ടെന്നും ക്ലസ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *