ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ നശിക്കുന്നു

കല്‍പ്പറ്റ : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിനു രൂപ വിലവരുന്ന മരങ്ങള്‍ മഴയും വെയിലുമേറ്റും ചിതല്‍ പിടിച്ചും നശിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി എന്ന പേരില്‍ പാതയോരങ്ങളില്‍ മുറിച്ചിട്ടതും കാറ്റിലും മഴയിലും മറിഞ്ഞതുമായ മരങ്ങളാണ് നശിക്കുന്നത്. ഇതില്‍ ഈട്ടി ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള ഇനം മരങ്ങളും ഉള്‍പ്പെടും. പാതയോരങ്ങളില്‍ മുറിച്ചിട്ട മരങ്ങള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചിലേടങ്ങളില്‍ മരങ്ങള്‍ ഉപയോഗത്തിന് ആവശ്യമായ ക്രമത്തില്‍ അളവുകള്‍ പാലിക്കാതെ തുണ്ടമാക്കിയാണ് മുറിച്ചത്. ഇതുമൂലം പൊതുഖജനാവിനു വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. തുണ്ടങ്ങളാക്കിയ മരങ്ങള്‍ സര്‍ക്കാര്‍ ഡപ്പോകളിലെത്തിച്ച് ലേലം ചെയ്യുമ്പോള്‍ തുച്ഛ വിലയാണ് ലഭിക്കുക.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉത്തരവാദിത്തം നിറവേറ്റാത്തതും വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് മരങ്ങള്‍ ഇത്തരത്തില്‍ നശിക്കുന്നതിനു കാരണമെന്ന് ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു. മുറിച്ചിട്ട മരങ്ങള്‍ അടിയന്തരമായി ഡിപ്പോകളില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. പട്ടയഭൂമികളിലെ മരങ്ങള്‍ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും നിലവിലെ നിയമം പാലിക്കാന്‍ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നു യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് ജയിംസ് ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. കെ.സി.കെ. തങ്ങള്‍, വി.ജെ. ജോസ്, ജാബിര്‍ കരണി, കെ.പി. ബെന്നി, ആര്‍. വിഷ്ണു, പി.ടി. ഏലിയാസ്, എന്‍.കെ. സോമസുന്ദരന്‍, കെ.എ. ടോമി, കെ.എച്ച്. സലിം, പി.എ. മാത്യു, എ.എം. ഹനീഫ, പി.എ. ഷാഹുല്‍ഹമീദ്, എം.കെ. വിജയന്‍, പി. സൈഫുദ്ദീന്‍ ഹാജി, എം.ടി. ഫൈസല്‍, കെ. ബാവ, കെ.ഒ. ഷിബു, ബി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *