കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തെത്തുര്‍ന്നു കേന്ദ്ര സര്‍ക്കാരിനു നല്‍കിയ മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയും സംസ്ഥാന സര്‍ക്കാരിനെതിരേ വ്യാജ പ്രചാരണം നടത്തുന്നതില്‍ പ്രതിഷേധിച്ച് 20 മുതല്‍ 23 വരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രകടനവും 24ന് ഏരിയ കേന്ദ്രങ്ങളില്‍ കൂട്ടായ്മയും സംഘടിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ദുരന്തത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീവ്രശ്രമം നടത്തുമ്പോള്‍ ദുരന്തപ്രതികരണനിധിയിലേക്ക് ചില്ലിക്കാശുപോലും ലഭിക്കാതിരിക്കാനുള്ള ജാഗ്രതയാണ് യുഡിഎഫും ബിജെപിയും പുലര്‍ത്തുന്നതെന്നു സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍നിന്നു ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങാന്‍ പാര്‍ലമെന്റില്‍ വയനാടിനു പ്രതിനിധി ഇല്ലാത്ത അവസ്ഥയ്ക്കു കാരണം യുഡിഎഫ് ആണെന്നു ആരോപിച്ചു.
കുപ്രചാരണങ്ങളെ തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരായും നടത്തുന്ന പ്രതിഷേധം വിജയിപ്പിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.
വ്യാജ പ്രചാരണം: സിപിഎം പ്രകടനങ്ങളും, കൂട്ടായ്മകളും സംഘടിപ്പിക്കും
