യുവതിയുടെ ആത്മഹത്യക്കു പിന്നില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘമെന്ന് മാതാപിതാക്കള്‍

കല്‍പ്പറ്റ: പുല്‍പ്പള്ളി മരക്കടവ് സ്വദേശി അതുല്യ വിത്സനെ(26) എറണാകുളം പച്ചാളത്ത് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ആരോപണവുമായി മാതാപിതാക്കള്‍. മകളുടെ ആത്മഹത്യക്കു പിന്നില്‍ വിദേശജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പുനടത്തിയ ഭര്‍ത്താവ് ഉള്‍പ്പെടുന്ന സംഘമാണെന്ന് പിതാവ് മരക്കടവ് കിഴക്കഞ്ചേരിയില്‍ വിത്സന്‍, ഭാര്യ ഷൈനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തട്ടിപ്പുസംഘം ഇരകളില്‍നിന്നു അതുല്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മുഖേന പണം കൈപ്പറ്റിയിരുന്നു. അതുല്യയുടെ അക്കൗണ്ടിലെത്തുന്ന പണം തട്ടിപ്പുസംഘം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. വിദേശ ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ പണത്തിന് അതുല്യയുടെ മരക്കടവ് വിലാസത്തിലാണ് കരാര്‍ വച്ചിരുന്നത്. പണം നല്‍കിയവര്‍ ജോലിയും അതിനാവശ്യമായ രേഖകളും കിട്ടാതായപ്പോള്‍ അതുല്യയെ നിരന്തരം ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് അഞ്ച് വയസുള്ള പെണ്‍കുഞ്ഞിന്റെ മാതാവുമായ അതുല്യയെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തില്‍ വിശദാന്വേഷണം നടത്തിയ തട്ടിപ്പുസംഘത്തെ നിയമത്തിനു മുന്നില്‍ നിര്‍ത്താനും ജോലിക്കുവേണ്ടി നല്‍കിയ പണം ബന്ധപ്പെട്ടവര്‍ക്ക് തിരികെ ലഭ്യമാക്കാനും നടപടി ആവശ്യപ്പെട്ട് പോലീസ് അധികാരികള്‍ക്കു പരാതി നല്‍കിയതായി മാതാപിതാക്കള്‍ പറഞ്ഞു.
മരക്കടവില്‍ താമസിക്കുന്ന കാസര്‍ഗോഡ് സ്വദേശിയായ കൊച്ചുപുരയ്ക്കല്‍ വിപിനാണ് അതുല്യയുടെ ഭര്‍ത്താവ്. അതുല്യയുമായി വിപിന്‍ സൗഹൃദത്തിലായിരുന്നു. ഈ വിവരം വളരെ വൈകിയാണ് അറിഞ്ഞത്.
എറണാകുളം സെന്റ് തേരേസാസ് കോളജില്‍ സോഷ്യോളജി ഐച്ഛികവിഷയമാക്കി ബിരുദത്തിനു പഠിച്ച അതുല്യയെ വിപിന്‍ മുന്‍കൈയെടുത്ത് തിരുവനന്തപുരത്ത് കോച്ചിംഗ് സെന്ററില്‍ അക്കൗണ്ടിംഗ് പഠനത്തിനു ചേര്‍ത്തിരുന്നു. ഇതിനുശേഷമാണ് ഇരുവരുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസിലാക്കിയത്. വിപിനുമായുള്ള ബന്ധം അരുതെന്ന് ഉപദേശിച്ച് മകളെ തൊടുപുഴ വാഴക്കുളത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി. ഇവിടെ താമസിക്കുന്നതിനിടെ അതുല്യയെ വിപിന്‍ പ്രലോഭിപ്പിച്ച് കാസര്‍ഗോഡിനു കൊണ്ടുപോയി. ഈ സംഭവത്തില്‍ തൊടുപുഴ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇരുവരെയും കണ്ടെത്തി മുട്ടം കോടതിയില്‍ ഹാജരാക്കി. കോടതി ആരാഞ്ഞപ്പോള്‍ വിപിനു ഒപ്പം ജീവിക്കാനുള്ള താത്പര്യമാണ് അതുല്യ അറിയിച്ചത്. മകള്‍ തീരുമാനത്തില്‍ ഉറച്ചുനിന്ന സാഹചര്യത്തില്‍ വിവാഹം 2017ല്‍ കാസര്‍ഗോഡ് ജില്ലയിലെ പള്ളിയില്‍ നടത്തി.
അതുല്യയുടെ ഉടമസ്ഥതയില്‍ ബത്തേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം മറയാക്കിയാണ് തട്ടിപ്പുസംഘം വിദേശ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍നിന്നു പണം കൈപ്പറ്റിയിരുന്നത്. ഒരു വര്‍ഷം മുന്‍പ് ഈ സ്ഥാപനം പൂട്ടാന്‍ അതുല്യ നിര്‍ബന്ധിതയായി. ഒന്‍പത് മാസം മുന്‍പാണ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലിക്കു കയറിയത്.
ജോലിക്കുവേണ്ടി പണം നല്‍കിയവരുടേതായി കണ്ണൂര്‍, എറണാകുളം, പാലക്കാട്, തൃശൂര്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍നിന്നു ഫോണ്‍ വിളികള്‍ വരുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പലരും പോലീസില്‍ പരാതി നല്‍കിയതായി വിവരമുണ്ട്. അതുല്യയുടെ അക്കൗണ്ടില്‍ എത്തുകയും ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്ത പണത്തിന്റെ വിവരം അറിയുന്നതിന് ബാങ്കില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. അക്കൗണ്ടില്‍ 4,000 രൂപ ബാലന്‍സ് ഉണ്ടെന്ന വിവരം മാത്രമാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതെന്നും വിത്സനും ഷൈനിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *