കൽപ്പറ്റ : വയനാട് ദേശീയപാതയിലെ കാഴ്ചയോഗ്യമല്ലാത്തതും പഴക്കം ചെന്നതുമായ മുന്നറിയിപ്പ് ബോർഡുകൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. ഇത്തരം ബോഡുകൾ ഇതിനോടകം തന്നെ വലിയ അപകടങ്ങൾ ഉണ്ടാക്കുന്നതായി വാർത്തകൾ വന്നിരുന്നു.
സ്വച്ചതാ ഹി സേവ – 2024 ഭാഗമായി, ഗാന്ധി ജയന്തിയോടാനുബന്ധിച്ച്, പനമരം ഡബ്ലിയു എം ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൽപ്പറ്റ മുതൽ ചുണ്ടേൽ വരെയുള്ള ദേശീയപാതയിലെ സൈൻ ബോർഡുകളാണ് കഴുകി വൃത്തിയാക്കിയത്.
ശുചിത്വമിഷൻ ജില്ലാ മേധാവി ശ്രീ. ഹർഷൻ. എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡബ്ലിയു എം ഒ ഐ ജി കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷെറീന എം എ സ്വാഗതം പറഞ്ഞു. ശുചിത്വ മിഷൻ വയനാട് ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ. റഹീം ഫൈസൽ,
കൽപ്പറ്റ പി ഡബ്ലിയു ഡി എൻ എച് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ രാകേഷ് കെ ആർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകുന്നേരം 3 ന് അവസാനിച്ച പരിപാടിയിൽ ദേശീയ പാതയിലെ അമ്പതോളം സൈൻ ബോർഡുകളാണ് എൻഎസ്എസ് വളണ്ടിയേഴ്സ് വൃത്തിയാക്കിയത്.
വയനാടിനെ കണ്ണീരിലാഴ്ത്തിയ ചൂരൽ മല ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ ശ്രുതിയെ ചേർത്ത് നിർത്തിയ ജെയ്‌സൺ മരണപ്പെട്ടത് ഈ ദേശീയ പാതയിൽ സംഭവിച്ച അപകടത്തിലാണ്. ഈ വാർത്തയോടാനുബന്ധിച്ചാണ് ഡബ്ലിയു എം ഒ ഐജി കോളേജിലെ എൻഎസ്എസ് യൂണിറ്റ് ഈ പരിപാടി ഏറ്റെടുത്ത് നടപ്പിലാക്കിയത്.
