മേപ്പാടി ഗവ.സ്‌കൂള്‍ കളിസ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി ഉപയോഗ്യയോഗ്യമാക്കി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചതോടെ തകരാറിലായ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കളിസ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഉപയോഗ്യയോഗ്യമാക്കി. ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റവരെയും മരണപ്പെട്ടവരെയും എത്തിച്ച മേപ്പാടി ഗവ.ആശുപത്രിക്കും മോര്‍ച്ചറി പ്രവര്‍ത്തിച്ച എപിജെ ഹാളിനും സമീപമാണ് സ്‌കൂള്‍ ഗ്രൗണ്ട്. ആംബുലന്‍സുകളും വിവിധ വകുപ്പുകളുടെ വാഹനങ്ങളും മറ്റും ഗ്രൗണ്ടിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. വലിയ വാഹനങ്ങള്‍ കയറിയിറങ്ങി ഗ്രൗണ്ടില്‍ പല സ്ഥലങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടു.

ഗ്രൗണ്ട് കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ഇക്കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഗ്രൗണ്ട് നന്നാക്കാന്‍ വ്യാപാരി ഏകോപന സമിതി തീരുമാനിച്ചത്. ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയി, ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍, മേപ്പാടി യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് ലാന്‍ഡ്മാര്‍ക്ക്, റഫീഖ് ട്രന്‍ഡ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. ഗ്രൗണ്ട് സന്ദര്‍ശിച്ച ടി. സിദ്ദിഖ് എംഎല്‍എ സമിതി ജില്ലാ നേതൃത്വത്തെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *