മാനന്തവാടി: 1964 മുതൽ പതിനഞ്ച് വർഷക്കാലം മാനന്തവാടി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മാവറ വർക്കിച്ചേട്ടനെ അദ്ദേഹം ശതാഭിഷ്ക്കനാകുന്ന അവസരത്തിൽ മാനന്തവാടി സ്പന്ദനം കൂട്ടായ്മ ആദരിച്ചു. സ്പന്ദനത്തിന്റെ രക്ഷാധികാരിയാണ് വർക്കിച്ചേട്ടൻ. അദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലത്ത് അര നൂറ്റാണ്ട് മുൻപ് നിർമ്മിച്ച ബസ് സ്റ്റാൻഡാണ് മാനന്തവാടിയിൽ ഇന്നും ഉള്ളത്. പഞ്ചായത്ത് മാറി നഗരസഭയായിട്ടും എടുത്തു പറയത്തക്ക കൂടുതൽ വികസനമൊന്നും മാനന്തവാടിയിൽ വന്നിട്ടില്ല. പ്രായാധിക്യം വകവെക്കാതെ വർക്കിച്ചേട്ടൻ ഇപ്പോഴും പൊതുരംഗത്ത് സജീവമാണ്. സ്പന്ദനം പ്രവർത്തനങ്ങൾക്ക് പുറമേ മാനന്തവാടി നാളികേര ഉദ്പ്പാദക ഫെഡറേഷന്റെ പ്രസിഡണ്ടാണ് അദ്ദേഹം ഇപ്പോൾ. താന്നിക്കൽ പ്രണവം വായനശാല, ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം, സി.പി.എം താന്നിക്കൽ ബ്രാഞ്ച് കമ്മിറ്റിയംഗം എന്നിങ്ങനെ ഇപ്പോഴും പൊതുരംഗത്ത് സജീവമാണ്. മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്നു. വർക്കിച്ചേട്ടന്റെ ബഹുമുഖമായ സാമൂഹ്യ സേവന പ്രവർത്തന സേവനങ്ങൾ മുൻ നിർത്തി മാനന്തവാടിയിൽ പൗര സ്വീകരണമൊരുക്കണമെന്ന് സ്പന്ദനം മാനന്തവാടി ആഹ്വാനം ചെയ്തു. യോഗത്തിൽ ശ്രീ.ജോസഫ് ഫ്രാൻസിസ് വടക്കേടത്ത്, ഫാ. വർഗ്ഗീസ് മറ്റമന, ബാബു ഫിലിപ്പ് കുടക്കച്ചിറ, ഡോ. ഗോകുൽദേവ്, എം.കരുണാകരൻ മാസ്റ്റർ, മുസ്തഫ കോമത്ത്,പി.സി.ജോൺ, ജസ്റ്റിൻ പനച്ചിയിൽ എന്നിവർ ആശംസകൾ നേർന്നു. സ്പന്ദനം സെക്രട്ടറി പി.കെ.മാത്യു മാസ്റ്റർ സ്വാഗതവും പി.ആർ. ഒ ഷിനോജ് കെ.എം. നന്ദിയും പറഞ്ഞു.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് മാവറ വർക്കിച്ചേട്ടനെ ആദരിച്ചു
