കൽപ്പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ കാവലിയിൽ നിന്നും സൈക്കിളിൽ വയനാട്ടിലെത്തി പ്രിയങ്കാഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബർ 26നാണ് ശ്രിനി കാവലിയിൽ നിന്നും സൈക്കിളിൽ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുൽത്താൻബത്തേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തന്റെ സൈക്കിളുമായെത്തി പ്രിയങ്കാഗാന്ധിക്കായി ഇതിനകം തന്നെ വോട്ടഭ്യർഥിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടർന്നാണ് കോൺഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികൾ കെട്ടിയ പതാകയുമായി തെരഞ്ഞെടുപ്പ് കാലത്ത് പല സ്ഥലങ്ങളിലും പ്രചരണരംഗത്ത് സജീവമായി. സ്വന്തം ചിലവിൽ മറ്റാരെയും ബുദ്ധിമുട്ടിക്കാതെയാണ് പ്രചരണം നടത്താറുള്ളതെന്ന് പറയുന്ന ശ്രീനി ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിക്കൊപ്പം 3350 കിലോമീറ്റർ തന്റെ സൈക്കിളുമായി സഞ്ചരിച്ചിട്ടുണ്ട്. പല പ്രതിസന്ധികളും അതിജീവിച്ചാണ് സൈക്കിളുമായി പ്രചരണത്തിന് പോകാറുള്ളതെന്ന് പറയുന്ന ശ്രീനി കാവലിയിലെ ടാക്‌സി ഡ്രൈവറാണ്. ടാക്‌സി ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നാണ് ഇതുപോലുള്ള പ്രചരണ പരിപാടികൾക്ക് പോകാനായി തുക കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ മതേതരത്വത്തിലൂന്നിയ പരസ്പര സ്‌നേഹത്തിന്റെ സന്ദേശവുമായി മുന്നോട്ടുപോകുന്ന രാഹുൽഗാന്ധിക്ക് പിന്നിൽ അണിനിരക്കുകയെന്ന സന്ദേശമാണ് ഈ യാത്രയിലൂടെ പൊതുസമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്കാഗാന്ധിക്കൊപ്പം റോഡ്‌ഷോയിൽ പങ്കെടുത്ത ശേഷം തിരികെ സൈക്കിളിൽ തന്നെ മൈസൂർ വഴി ആന്ധ്രപ്രദേശിലേക്ക് മടങ്ങാനാണ് ശ്രീനി ഉദ്ദേശിക്കുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് പ്രിയങ്കാഗാന്ധി വയനാട് ജില്ലയിൽ ഇനി പ്രചരണം നടത്തുന്നത്. ഈ ദിവസങ്ങളിൽ കൂടി പ്രചരണം നടത്തിയ ശേഷം ജില്ലയിൽ നിന്നും മടങ്ങുമെന്നും, രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയായി കാണുകയെന്നതാണ് തന്റെ ജീവിതാഭിലാഷമെന്നും ശ്രീനി പറയുന്നു.
November 10, 2024
ആന്ധ്രപ്രദേശിൽ നിന്നും സൈക്കിളിലെത്തി പ്രിയങ്കക്കായി പ്രചരണം നടത്തി ശ്രീനിവാസലു
