പുതിയ തളിർപ്പുകൾ

കല്ല്യോട്ടെ
വലിയ വളവിറങ്ങി
യൂക്കാലി കാട്ടിലെത്തുമ്പോൾ
മകരത്തിലെ
വെള്ളപുകയുടെ ചേലുള്ള രാത്രിക്ക്
മരം കോച്ചുന്ന തണുപ്പ് കൂടും

കുറുക്കിറങ്ങി
നാല് വളവ് കഴിഞ്ഞ്
പുല്ല്യോട്ട് കുന്ന് കയറിയാൽ
മൂന്ന് മലകൾക്കപ്പുറം
പള്ളിക്കാവ് കുന്നിൽ
നൂറ്റൊന്ന് തിരി തെളിയിച്ച
കൽവിളക്കിൽ നിന്നുയരുന്ന
സ്വർണ്ണവെളിച്ചത്തിൽ
പള്ളിക്കാവ് കുന്നിലെ പള്ളിയുടെ

പടിഞ്ഞാറുള്ള
മിനാരത്തിൽ
നിലാവ് പൊഴിയും

പിന്നെ ഏഴു നാൾ പൂരം

പിന്നെ അയാളെങ്ങനെ
കമ്പ കയറാതിരിക്കും

മുക്കോടി മലയിലെ
കൊടുംകാട്ടിനുള്ളിലൂടെ
പള്ളിക്കാവ് കുന്നിലെ
പൂരത്തിനാളുകൾക്കൊപ്പമോടുമ്പോൾ

കൈകാലുകൾ
വെട്ടിമുറിക്കപ്പെട്ട
തലയറുത്ത
കമ്പയിലേക്ക്

കാടും കടുവയും
പേടിച്ച്
ഒച്ചയുണ്ടാക്കാതെ
വഴിയൊരുക്കും

പള്ളിക്കുന്ന് കാവിന് മുകളിലേക്ക്
നൂറ്
പടികളിൽ
ഇരു വശവും
നേർച്ച വെച്ച പൂവൻ കോഴികൾ കൊക്കര കൂവും
നേർച്ച വെച്ചവരും കോഴിയോടൊപ്പം കൂവും

നൂറ്റൊന്നാമത്തെ പടിയിലെ
മുട്ടനാട്

പാപികളെ കൂർത്ത കൊമ്പുകൾ കൊണ്ട്
കുത്തി മറിച്ചിടും

നൂറ്റൊന്നാമത്തെ
പടിയിലെ കൂർത്ത കൊമ്പുള്ള
മുട്ടനാടിന്റെ കുത്തേറ്റ്
നിലത്ത് വീഴുമ്പോൾ അയാളുടെ
നെറ്റിയിൽ നിന്ന്
രക്തമൊഴുകുന്നുണ്ടായിരുന്നു

നൂറ്റൊന്ന് പടികളിൽ
തിക്കും തിരക്കും കൂട്ടിയവരോടൊപ്പം
പൂവൻ കോഴികൾ അലമുറയിട്ട് കരഞ്ഞു,
കൂവി

പള്ളിക്കുന്ന് കാവിലെ ഉപ്പാവയുടെ
ദർഗ്ഗയിൽ
അയാൾ ചന്ദന തിരി കത്തിച്ചു
അയാളുടെ നെറ്റിയിലെ രക്തത്തുള്ളികൾ
ദർഗ്ഗയ്ക്കുള്ളിലെ
പാപക്കല്ലിൽ

ഉറ്റിക്കൊണ്ടിരുന്നു

ഉപ്പാവയുടെ മണമുള്ള
തിരികളുടെ
കാറ്റ്
പാപികളുടെ മേൽ
തഴുകി

അയാൾ കണ്ണുകൾ തുറന്ന്
ഉപ്പാവയുടെ ദർഗ്ഗയുടെ വലത് വശത്ത്
നൂറ്റൊന്ന് രൂപ
കാണിക്ക വെച്ചു

പള്ളിക്കാവ് കുന്നിലെ
അമ്പലത്തിന്
മുറ്റത്ത്
ഉയരത്തിൽ നിൽക്കുന്ന
കൽവിളക്കിൽ
അയാളും തിരിയൊന്ന്
കത്തിച്ചു

നിങ്ങൾ പള്ളിക്കുന്ന് കാവിലെ
അമ്പലമുറ്റത്തെ
ആൽമരവും
പള്ളിമുറ്റത്തെ കൂറ്റൻ
മൈലാഞ്ചി ചെടിയും
സ്നേഹം കൊണ്ട് പിണഞ്ഞു കിടക്കുന്നത് കാണുന്നുണ്ടോ…?
………………………………..

മുറുക്കാൻ കാദറിന്റെ
മൂന്നുറുപ്പിക
മുറുക്കാൻ കെട്ടിന് കൂടി നിന്ന
പെണ്ണുങ്ങൾ
കാദറിന്റെ തമാശ കേട്ട്
പൊട്ടിച്ചിരിക്കുന്നുണ്ട്
അയാൾ
അവരുടെ ചുണ്ടുകളിൽ നിന്നുറ്റുന്ന
ചുകന്ന തുള്ളികൾ നോക്കി
രസം കൊണ്ടു

കവിളൊട്ടിയ
നാടോടിത്തള്ള
ഊതി വീർപ്പിച്ച കൊരങ്ങന്റെ
മുഖമുള്ള ബലൂണിൽ

രോഗിയായ ഫൗസിയുടെ
ഇളയ പെണ്ണ്
കൊതിയോടെ നോക്കി
ഇളയോളുടെ
കണ്ണുകളിൽ നിന്ന്
ഉറ്റിവീണ കണ്ണീര്
കണ്ട്

ഫൗസി

പടച്ചോനെ നോക്കി

പൊട്ടിപ്പോയൊരു
ബലൂണ് വീർപ്പിച്ച്

ഫൗസി ഓൾക്കൊരു മുന്തിരിയുണ്ടാക്കി

മുന്തിരി കൊണ്ടോള്
കൊരങ്ങനെ കൊതിപ്പിച്ചു

ചന്ദ്രേട്ടന്റെ കുപ്പി വളക്കടയിൽ
ലക്ഷ്മിയേച്ചിയുടെ
കയ്യിൽ നിന്ന്
സെന്തിൽ കറുത്ത കുപ്പിവള
അരഡസൻ വാങ്ങി

പാതിയിരുട്ടുള്ള

ഇറയിലേക്ക് മാറി
സുഷമയുടെ കയ്യിൽ
സെന്തിൽ കരിവളയിട്ടു
പൊട്ടിയ കരിവളയിൽ
പുരണ്ട സുഷമയുടെ ചോര
സെന്തിൽ നാക്കിലുരച്ചു

ലക്ഷ്മി
ചന്ദ്രേട്ടനെ നോക്കി
കണ്ണുകളമർത്തി
കണ്ണിൽ നിന്ന് കണ്മഷിയൊഴുകി

പിന്നെ പടച്ചോനെ നോക്കി

ഈട്ടിമട്ടത്ത്
ആന മയിൽ ഒട്ടകങ്ങൾ
കല പില കൂടിക്കൊണ്ടിരിക്കുമ്പോൾ

കാലി കിടന്ന ചന്ദ്രനിൽ
അയാൾ
കയ്യിലുള്ള പണം ചുരുട്ടിയിട്ടു

ഈട്ടിമട്ടത്തെ ഒഴിഞ്ഞ
മൂലയിൽ
സുറുമയിട്ടൊരു
ഉപ്പാവ

കയ്യിലൊരു ഭാന്ധക്കെട്ടുമായി
അയാളെ നോക്കി

അടുത്തെത്തിയപ്പോൾ
ബന്ധക്കെട്ട്
അയാൾക്ക് നേരെ നീട്ടി

പുലർച്ചെ
ആളോതുങ്ങിയ
പള്ളിക്കുന്ന് കാവിൽ നിന്നിറങ്ങുമ്പോൾ
ഉപ്പാവ അയാളെ തിരികെ വിളിച്ചു

ഈ ആണ്ടും ഈ നേരവും ഇവിടുത്തെ പൂരവും
ഭാനഡക്കെട്ടിനുള്ളിലെ
സമ്മാനവും
രഹസ്യമാണ്
പാപങ്ങൾ ഉരുക്കിയതിനുള്ള സമ്മാനമാണ്

ഭാണ്ഡക്കെട്ടിനുള്ളിലെ
പൊൻപണം
അയാളെ മത്ത്
പിടിപ്പിച്ചിട്ടുണ്ടാകാം
പാപങ്ങളെല്ലാം
കഴുകി കളഞ്ഞപ്പോൾ
ഉപ്പാവ കൊടുത്ത സമ്മാനം
കൊണ്ട്

കമ്പയുടെ താഴെ മുക്കോളി മലയിൽ
മലയിടിച്ച് മണിമാളിക
പണിയണം

അയാൾ പടച്ചോനെ നോക്കി

നേരം
വെളുത്തപ്പോൾ
അയാൾ പറഞ്ഞ
പൂരവും
ഉപ്പാവയും കെട്ട്കഥയാണെന്ന്

ഓള് പറഞ്ഞപ്പോൾ അയാൾ പൊട്ടിക്കരഞ്ഞു
ഓളോട് പറഞ്ഞ
പൂരത്തിന്റെ കഥ അയാളെ
പേടിപ്പിച്ചിട്ടുണ്ടാകാം

നിറയെ പൊൻപണമുള്ള
ഭാണ്ഡക്കെട്ടുമേറ്റി
കമ്പ കയറി

മുക്കോളി മലയിലെ കൊടും കാടയാളെ
തുറിച്ചു നോക്കി

പള്ളിക്കുന്ന് കാവിലേക്കുള്ള
നൂറ്റൊന്ന് പടികളിലും
കൂരാകൂരിരുട്ട്
നിറഞ്ഞതിൽ അയാൾ
തട്ടി തടഞ്ഞു വീണുകൊണ്ടിരുന്നു

മുറുക്കാൻ കാദർ അയാൾക്കൊരു
കെട്ട് കൊടുത്തപ്പോൾ
കൂട്ടം കൂടി നിന്ന പെണ്ണുങ്ങൾ
അയാളെ നോക്കി
പല്ലുകളിറുക്കി

അവരുടെ ചുണ്ടുകളിൽ
ചുടു ചോരയോഴുകി

നാടോടി ത്തള്ളയുടെ
കുരങ്ങൻ
ബലൂണുകൾ
കാറ്റിൽ ആകാശത്തേക്ക് ഉയർന്നു

ഫൗസിയുടെ മകൾ
കൈകൊട്ടി ചിരിച്ചു
ആയിരം മുന്തിരി ബലൂണുകൾ
ഫൗസി അവൾക്ക്
വീർപ്പിച്ചു കൊണ്ടിരുന്നു

അവളപ്പോൾ പടച്ചോനെ നോക്കി

സുമതിയുടെ കയ്യിലണിയുമ്പോൾ
പൊട്ടിയ
കറുത്ത വളകളിലൊന്നിൽ
കയ്യിലെടുത്ത് ചന്ദ്രേട്ടന്റെ ലക്ഷ്മി
ഇരുട്ടിന്റെ ഉള്ളിൽ സെൻതിലിന്റെ
കഴുത്ത് മുറിച്ചു

ചന്ദ്രേട്ടനപ്പോൾ പടച്ചവനെ നോക്കി

ഈട്ടി മട്ടത്തെ
മുറിച്ചിട്ട
കാട്ട് മരങ്ങൾക്കിടയിൽ
ആനമയിൽ ഒട്ടകങ്ങൾ
അയാളെ ഭാണ്ഡക്കെട്ടുമേറ്റി
ചുറ്റിയോടിച്ചു

അയാളപ്പോൾ
ഉപ്പാവയുടെ
ദർഗ്ഗയിലേക്കോടി
ചീന മുള്ളുകൾ നിറഞ്ഞ കാടയാളെ
തടഞ്ഞു നിർത്തി

ദർഗ്ഗയിലെ
പാപത്തറയിൽ നിന്നുയർന്ന
കേട് കൂടിയ രക്തത്തിന്റെ
മണം അയാളെ
തിരികെ ഓടിച്ചു

നൂറ്റൊന്ന്
പടികൾക്ക് മുകളിൽ കെട്ടിയിട്ട
മുട്ടനാടിനെ
അയാൾ ചുറ്റിലും തിരഞ്ഞു

കൂരിരുട്ടിൽ
കാൽ തെറ്റി അയാൾ
നൂറ്റൊന്നാമത്തെ പടിയിൽ നിന്നും താഴേക്ക് വീണു

പൊട്ടിമുറിഞ്ഞ അയാളുടെ ശരീരത്തിൽ നിന്നും
രക്‌തമൊഴുകി

നൂറ്റൊന്ന് പടികൾക്ക് താഴെ
നിന്നയാൾ
മുകളിലേക്ക് നോക്കി

സുറുമായിട്ട
ഉപ്പാവായപ്പോൾ
ഭാണ്ഡക്കെട്ട് തുറന്നു

നിറയെ കനമുള്ള
ഭാണ്ഡക്കെട്ടിനുള്ളിൽ
നിന്ന്
ഉരുളൻ കല്ലുകൾ

താഴേക്കുരുണ്ടു

ആയിരം ഉരുളൻ കല്ലുകൾ

കമ്പയിറങ്ങി

മനുഷ്യരെ പേടിച്ച്
ഒളിച്ചിരുന്ന
കാടും കടുവയും
ഉരുളൻ കല്ലുകളോടൊപ്പം
കൂടി

പാതി ജീവനിൽ അയാൾ ഉപ്പാവയെ നോക്കി

ഉപ്പാവയപ്പോൾ
കമ്പയെ നോക്കി

വെട്ടിക്കീറിയ
കമ്പയുടെ മുകളിൽ
വാല് കുലുക്കി കിളികൾ

ആയിരം വിത്ത് വിതച്ചു

പള്ളിക്കുന്ന് കാവിലെ
കൽവിളക്കിൽ
നൂറ്റൊന്ന് തിരികൾ
താനേ തെളിഞ്ഞു

പടിഞ്ഞാറുള്ള
മിനാരത്തിലെ ചന്ദ്രക്കലയിൽ

നിലാവ് പൂത്തു

പടച്ചവനപ്പോൾ കമ്പയെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *