ജെമീ

സമീർ എം എ പിലാക്കാവ്

 

അട്ടക്കുന്നിന്
മുകളിൽ
ഏറ്റവും ഉയരമുള്ള
കർപ്പൂരക്കാട്ടിൽ

ദേഹമാകെ വെണ്ണീർ തേച്ച്
കീറിപ്പറിഞ്ഞ് മുഷിഞ്ഞ മുക്കാകഷ്ണം
തുണിയിൽ
മെലിഞ്ഞുണങ്ങിയ

വെള്ള നിറമുള്ള മുടിയും പുരികവും
നൊണ്ണൻ വായയിൽ
ചുകന്ന നിറമുള്ള
രക്തവും
ഉറ്റിയൊലിച്ചു
കൊണ്ട്

നഖമില്ലാത്ത കാൽവിരലുകൾ മുതൽ
മുകളിലോട്ട്
ചോര കുടിച്ചു വീർത്ത അട്ടകൾ
കൂട്ടത്തോടെ
താഴേക്ക് ലഹരിയോടെ വീഴുമ്പോൾ

പതിയെ കുന്നിന്
താഴെക്കിറങ്ങും

ജെമീ…

മഴ തോരാതെ പെയ്തൊരു രാത്രിയിൽ
ചോർന്നോലിക്കുന്ന
മണിയൻകുന്നിലെ
കുടിലിനുള്ളിൽ
ഉപ്പുപ്പാന്റെ മടിയിൽ ആകാശം
നോക്കി കിടക്കുമ്പോൾ

ചിരട്ട കാവിൽ നിന്ന്
തണുത്ത് വിറച്ച
മൈലാഞ്ചി പാട്ട് ഉയർന്ന് കേൾക്കുന്നുണ്ട്

(പൈക്കാരിയുടെ
രാജകുമാര….)

…………………………
പുല്ല് മേഞ്ഞ കുടിലിനുള്ളിൽ
ശക്തിയോടെ ഉറ്റി വീഴുന്ന വെള്ളവും
തടഞ്ഞു നിർത്തുന്ന
പാത്രങ്ങളും
തമ്മിൽ
വിരഹത്തിന്റെ
സംഗീതം നൽകും

തൊട്ടുരുമ്മി നിന്ന
പതിനാറിലെ
പൈപാടികളിൽ
ജെമിയും അയാളും
ഒന്നിച്ചു
വളർന്നു വന്നവരാണ്

നേരം പുലർന്നാൽ
പാടിക്ക് പുറകിൽ
ഇരുവരും
പൈകളെ
കറക്കാനിറങ്ങും

കാവിലെ ഉത്സവത്തിനും
കല്ല്യാണത്തിനും
പെരുന്നാളിന് പൂവനെ ഓടിച്ചു പിടിക്കുമ്പോൾ
കടിഞ്ഞൂലിന് സമ്മാനം
പൊതിയുമ്പോൾ
വെള്ളിയാഴ്ചകളിൽ
പള്ളിക്ക്
നടക്കുമ്പോൾ
അവളും നാല് കണ്ണുള്ള കുള്ളൻ നായയും
അയാൾക്കൊപ്പം പോകും

തുള്ളൂർകുന്നിൽ
അരിക്കാടിനുള്ളിൽ
അവരൊരു
മണിയറയൊരുക്കിയിട്ടുണ്ട്
അരിപ്പൂ കൊണ്ടലങ്കരിച്ച്

അടച്ചു പൂട്ടിയ
പട്ടിണിയേറിയ കാലത്തയാൾ
പാടിക്ക് പുറത്തായപ്പോൾ
ജെമി കൊടുത്ത
അരഞ്ഞാണവുമായാണയാൾ
പോയത്

അയാളവൾക്ക് കത്തെഴുതുമ്പോൾ
കത്തിയെരിയുന്ന
മണൽക്കാട്ടിലെ
ദുരിതവും തരി മണലും കൂടെയയക്കും

ഹൃദയം പൊട്ടുമ്പോഴും
കണ്ണുനീർ
മായ്ച്ച്
സ്വപ്‌നങ്ങൾ കൊണ്ട് വരച്ച ആയിരം
രസം തോന്നുന്ന
കത്തുകൾ
ജെമി
തിരികെയയക്കും

നാട്ടിലയാൾ പ്രമാണിയാകുമ്പോൾ
ജെമി
കൊതിയോടെ കാത്തിരുന്നു
തുള്ളൂർക്കുന്നിലെ
മണിയറവൾ
ഇടിച്ചില്ലാതെയാക്കി

സ്വപ്നം കൊണ്ട്
കെട്ടിയുയർത്തിയ
മണിമാളികയിലെ
മണിയറയിൽ
അവൾ ആയിരം കിനാക്കൾ നെയ്തു

ആയിടെ
ഉപ്പുപ്പാന്റെ ആലയിലെ
പയ്യൊന്ന്
പേ പിടിച്ച് ചത്തത്രേ

കാലങ്ങൾക്ക് ശേഷം
അന്നയാൾ വണ്ടിയിൽ
അരികിലൂടെ
പോയപ്പോൾ
നാണം
കൊണ്ട്
ജെമി ഒളിഞ്ഞു നോക്കി

വണ്ടി പോയ
വഴിയിലൂടെയവൾ
അക്കരെയുള്ള കൊട്ടാരത്തിലേക്കോടി
കൈ നിറയേ അരിപ്പൂവുമായി

തിരിച്ചറിയാത്ത
പുത്തൻ
പണക്കാരുടെ
പത്രാസിന് മുന്നിൽ
അവളൊരു പൈക്കാരി പെണ്ണ്
മാത്രമായപ്പോൾ
അയാൾക്ക് നേരെ നീട്ടിയ
കൈകളിൽ കറുപ്പ് പടർന്നു
അരിപ്പൂ ചവിട്ടിയരച്ചു

അന്നയാൾ ഉപ്പുപ്പാന്റെ
കാപ്പി
ചെടിയിൽ
ജെമിയുടെ നാല് കണ്ണുള്ള കുള്ളൻ നായയെ കെട്ടിയിട്ടു

കുള്ളൻ
നായയെ അയാൾ
വെടി വെച്ച് കൊന്നു
നായയ്ക്കും പേയാണത്രേ

കാലം കരുതി വെച്ച
ചതിയിലെ
നായിക ഭ്രാന്തിയായി

നേരം പുലരുമ്പോൾ
ഓരോ ഉമ്മറത്തും
കൈനീട്ടി ഇരക്കും

ചിലർ ആട്ടും

എന്നാലും
അയാളുടെ കൊട്ടാരമുറ്റത്തൊഴികെ
എല്ലാ ഉമ്മറത്തും
ജെമി മുടങ്ങാതെയെത്തും

“ജെമീ…

പകൾക്കിനാവ് കാണുന്ന
പെണ്ണുങ്ങളെ
ഇപ്പോൾ ഇവിടെയുള്ളവർ
ആ പേരിലാണത്രെ വിളിക്കാറ്…

(ഉപ്പുപ്പാന്റെ കഥയിലെ ജെമിയെ ഓരോ മഴയുള്ള രാത്രിയിലും തിരഞ്ഞു നോക്കും,ജെമിയെ ചതിച്ച പുത്തൻ പാണക്കാരന്റെ സഞ്ചി നിറഞ്ഞ പണത്തിന് കുറവ് വന്നിട്ടുണ്ടാകും…?)

സമീർ എം എ പിലാക്കാവ്

Leave a Reply

Your email address will not be published. Required fields are marked *