പയ്യമ്പള്ളി: പയ്യമ്പള്ളി മുട്ടൻകരയിൽ കെഎസ്ആർടിസി താക്കാലിക ജീവനക്കാരന്റെ ഒന്നരയേക്കർ സ്ഥലത്തെ പാവൽ കൃഷി വെട്ടിനശിപ്പിച്ചതായി പരാതി. പുളിക്കൽ സന്തോഷിന്റെ പാവൽതോട്ടമാണ് രാത്രിയുടെ മറവിൽ അജ്ഞാതർ വെട്ടിനശിപ്പിച്ചത്. സഹകരണ ബാങ്കിൽ നിന്നും സ്വാശ്രയസംഘങ്ങളിൽ നിന്നും വായ്‌പ എടുത്ത് രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഒന്നര ഏക്കറിൽ പാവൽ കൃഷി നടത്തിയത്. ആദ്യ വിളവെടുപ്പിന് ശേഷം ഡ്രൈവറായ സന്തോഷ് കോട്ടയം ഓട്ടം കഴിഞ്ഞ് ഇന്നലെ രാവിലെ പാവൽ തോട്ടത്തിലെത്തിയപ്പോഴാണ് പാവലിൻ്റെ ചുവടുകൾ മുഴുവനും വെട്ടിക്കളഞ്ഞതായി ശ്രദ്ധയിൽപ്പെട്ടത്. 900 ചുവട് നട്ടതിൽ മൂന്ന് ചുവടൊഴിച്ച് ബാക്കിയെല്ലാം മൂർച്ചയേറിയ ആയുധത്താൽ വെട്ടി നശിപ്പിച്ചതായി സന്തോഷ് പറഞ്ഞു. ജോലി കഴിഞ്ഞ് വന്നും, ഒഴിവു ദിവസങ്ങളിലും രാപ്പകൽ അധ്വാനിച്ച് കൃഷി ചെയ പാവൽ വെട്ടിനശിപ്പിച്ചതിനാൽ വൻ നഷ്ടമുണ്ടായതായി സന്തോഷ് പറഞ്ഞു.
തികച്ചും സമാധാന അന്തരീക്ഷത്തിൽ കഴിയുന്ന ഈ പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഹീന പ്രവർത്തി നടന്നതെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ഡിവിഷൻ കൗൺസിലർ ഷിബു കെ ജോർജ്ജ് പറഞ്ഞു.പരാതി നൽകിയതനുസരിച്ച് മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു പ്രദേശത്തെ സിസിടിവികളടക്കം പരിശോധിച്ച് അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്.
