കല്‍പ്പറ്റ: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ സംരക്ഷിക്കാതെ മുന്നോട്ട് പോയാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി. മുണ്ടക്കൈ ദുരന്തം സംഭവിച്ചിട്ട് എട്ടു മാസങ്ങള്‍ കഴിയുമ്പോഴും പുനരധിവാസം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും എട്ടുമാസം നീട്ടിക്കൊണ്ടുപോയി അവസാനം മാര്‍ച്ച് 27ന് തറക്കല്ലിടും എന്നു പറയുന്ന എലസ്റ്റണ്‍ എസ്റ്റേറ്റിലെ 160 തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ അവ്യക്തത തുടരുകയാണെന്നും ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി ആരോപിച്ചു. ശമ്പളകുടിശ്ശിക, പി എഫ്,ഗ്രാറ്റുവിറ്റി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ലീവ് വിത്ത് വേജസ്, ബോണസ്,തുടങ്ങി മുഴുവന്‍ കുടിശ്ശികയും തൊഴിലാളികള്‍ക്ക് പൂര്‍ണമായി നല്‍കണം. ഇത് സംബന്ധിച്ച് ഐഎന്‍ടിയുസി ഒറ്റയ്ക്കും സിഐടിയു,,പിഎല്‍സി,എച്ച്എംഎസ് യൂണിയനുകളോട് യോജിച്ചും ലേബര്‍ കമ്മീഷണര്‍ക്കും,ജില്ലാ കളക്ടര്‍ക്കും,ലേബര്‍ ഓഫീസര്‍മാര്‍ക്കും കത്ത് നല്‍കിയെങ്കിലും ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല. തോട്ടം മാനേജ്‌മെന്റ് ആവട്ടെ വിവിധ ചര്‍ച്ചകള്‍ നടത്തുന്നു എന്നുള്ളതല്ലാതെ ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളുന്നില്ല. വര്‍ഷങ്ങളായി എലസ്റ്റണ്‍ എസ്റ്ററ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് ജീവിക്കുന്ന തൊഴിലാളികളെ വഴിയാധാരമാക്കുന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടമോ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റോ ഇടപെടാത്തത് പ്രതിഷേധാര്‍ഹവും അപലപനീയവും ആണ്. തൊഴിലാളികളെ വഴിയാധാരമാക്കിക്കൊണ്ട് മുന്നോട്ടു പോയാല്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ വമ്പിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷന്‍ ആയിരുന്നു. ബി സുരേഷ് ബാബു, ടി എ റെജി,എന്‍ വേണുഗോപാല്‍, സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, ഗിരീഷ് കല്‍പ്പറ്റ,ഒ ഭാസ്‌കരന്‍, കെ അജിത,പി ജയകൃഷ്ണന്‍,കെ സുരേഷ്, മോഹനന്‍ പുല്‍പ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
