കൽപ്പറ്റ: ക്ഷയരോഗ മുക്ത കേരളം പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ ക്ഷയരോഗ നിവാരണ സമിതി യോഗം കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വച്ച് ചേർന്നു.രാജ്യത്ത് 2023 മുതൽ നടപ്പിലാക്കി വരുന്ന ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാർഡിന് ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യോഗ്യത നേടിയിട്ടുണ്ട് .ഇതിൽ നാല് ഗ്രാമപഞ്ചായത്തുകൾ തുടർച്ചയായ 2 വർഷം ക്ഷയരോഗമുക്തമായതിനുള്ള സിൽവർ അവാർഡിനും 3 നഗരസഭകളും 9 ഗ്രാമപഞ്ചായത്തുകളും ആദ്യ തവണ ക്ഷയരോഗ മുക്തമാകുന്നതിനുള്ള ബ്രോൺസ് അവാർഡിനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.കേന്ദ്ര ടിബി ഡിവിഷൻറെ മാനദണ്ഡങ്ങൾ പ്രകാരമാണ് ക്ഷയരോഗമുക്ത പഞ്ചായത്തുകളെയും നഗരസഭകളെയും തിരഞ്ഞെടുക്കുന്നത്. അവാർഡ് പ്രഖ്യാപനം മാർച്ച് 24 ന് ലോക ക്ഷയരോഗദിനത്തിൽ നടത്തുന്നതാണ്. വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനങ്ങളിലൂടെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളും രോഗ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി വയനാട് ജില്ലയെ ക്ഷയരോഗ മുക്ത ജില്ലയായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത് .
ഡെപ്യൂട്ടി കളക്ടർ എം ബിജുകുമാറിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ്, ജില്ലാ ടി ബി ഓഫീസർ ഡോ പ്രിയാ സേനൻ, വിവിധ വകുപ്പ് മേധാവികൾ , പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
