കൽപ്പറ്റ ബൈപാസ് : പരാതി പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ : കൽപ്പറ്റ ബൈപ്പാസിൽ ലിയോ ആശുപത്രിക്ക് സമീപമുള്ള സ്ഥലത്ത് മണ്ണെടുത്തതിനെ തുടർന്നുണ്ടായ കുഴികളിൽ മഴവെള്ളം കെട്ടിനിന്ന് കിണറുകൾ മലിനമായെന്ന പരാതി

അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന മലയോര ഹൈവേ ഫേസ് 2 പ്രവൃത്തിയിലാണ് പരാതിയെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനിയെ പരാതികളെ തുടർന്ന് നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇതുകാരണം പ്രവൃത്തി നീണ്ടു പോയി. പുതിയ കരാർ കമ്പനി ജോലികൾ പുനരാരംഭിച്ചിട്ടുണ്ട്. കൽപ്പറ്റ ബൈപ്പാസ് റോഡിൽ 3 കിലോമീറ്റർ ടാറിംഗ് പൂർത്തിയാക്കി. മഴക്കാലത്ത് കിണർവെള്ളം മലിനമാകുന്നുവെന്ന പരാതി പരിഹരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. കൽപ്പറ്റ സ്വദേശി സി. പി. ഉണ്ണികൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *