തരുവണ: എസ്എസ്എൽസി പരീക്ഷാവിജയത്തിൽ വയനാട് ജില്ല ആറാം സ്ഥാനത്തെത്തിയത് എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമാണെന്ന് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.എസ്.എസ്.എൽ.സി ക്യാമ്പുകളും ഗോത്രവിഭാഗത്തിനു വേണ്ടിയുള്ള പ്രത്യേക ക്യാമ്പുകളും ഉയരെ പോലെയുള്ള പഠനസഹായികളും ജില്ലാപഞ്ചായത്തിൻ്റെയും
നഗരസഭകളുടേയും നേതൃത്വത്തിൽ ലഭ്യമാക്കി. ഇത്തരത്തിലുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കനും ഫലപ്രദമായി വിനിയോഗിക്കാനും നിലകൊണ്ട മുഴുവനാളുകളേയും നന്ദിയോടെ പ്രശംസിക്കുന്നതായും
ജുനൈദ് കൈപ്പാണി പറഞ്ഞു.
കരിങ്ങാരി ഗവ.യു.പി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സ്കൂൾതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ ആദ്യമായിട്ടാണ് വയനാട് ജില്ലയ്ക്ക് ഏറ്റവും മികച്ച സ്ഥാനം ലഭിച്ചിരിക്കുന്നത്. ഒൻപത് വർഷം തുടർച്ചയായി പതിനാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ജില്ല കഴിഞ്ഞ വർഷം പതിമൂന്നാം സ്ഥാനത്തായിരുന്നു. ഈ വർഷം ആറാം സ്ഥാനത്തെത്തിയത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസമേഖലയിൽ വിവിധ തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുകയും അതിൻ്റെ ഏകോപനം കൃത്യമായിനടപ്പിൽ വരുത്തുകയും ഉദ്യോഗസ്ഥരും അധ്യാപകരും പൊതുപ്രവർത്തകരും വിദ്യാർത്ഥികളും ഒരുമിച്ച് മുന്നോട്ടുപോയതുമാണ് ഇത്തരത്തിൽ വലിയ ഒരു വിജയം ജില്ലയ്ക്ക് സമ്മാനിച്ചതെന്നും ജുനൈദ് പറഞ്ഞു.
ചടങ്ങിൽ സ്കൂൾ
പി.ടി.എ പ്രസിഡന്റ് നാസർ എസ് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ പി. കെ ശശി ആമുഖ പ്രഭാഷണം നടത്തി.
ബാലൻ പുത്തൂർ പദ്ധതി വിശദീകരിച്ചു.
പൊതുപ്രവർത്തകരും മറ്റ് ഇതര സംഘടന പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
