ജില്ലയെ ഹരിതാഭമാക്കാൻ ജൈവവൈവിധ്യ പാർക്കുകൾ

കൽപ്പറ്റ: സസ്യജാലങ്ങൾ പരിപോഷിപ്പിച്ച് ജില്ലയെ ഹരിതാഭമാക്കാൻ ജൈവവൈവിധ്യ പാർക്കുകൾ നിർമ്മിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പത്തോളം ജൈവവൈവിധ്യ പാർക്കുകളാണ് ജില്ലയിൽ നിർമ്മിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ച് സുസ്ഥിരമായി പരിപോഷിപ്പിക്കുക ലക്ഷ്യമാക്കിയാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ജൈവവൈവിധ്യ പാർക്കുകളെന്ന നൂതന പദ്ധതിക്ക് തുടക്കമിടുന്നത്. നൂൽപ്പുഴ(കലൂർ പുഴയോരം), നേന്മേനി (താളൂർ ചിറ), മീനങ്ങാടി (പുറകാടി), പുൽപ്പള്ളി (മുണ്ടക്കുറ്റികുന്ന്),തിരുനെല്ലി(തൃശ്ശിലേരി), എടവക(വാളോരി), പൊഴുതന(ആനോത്ത), വെങ്ങപ്പള്ളി(ഓടമ്പംപൊയിൽ), മേപ്പാടി(കാശ്മീർ) വൈത്തിരി ടൗണിൽ തുടങ്ങി പത്തോളം ഗ്രാമപഞ്ചായത്ത് പരിധികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 28 ജൈവവൈവിധ്യ പാർക്കുകളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദ ഭാവിയിലേക്കുള്ള തുടക്കമിടുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പാർക്കുകളിൽ സ്വാഭാവിക സസ്യജാലങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷണം ഉറപ്പാക്കുന്നത്. ട്രീ ഗാർഡനുകൾ, ജൈവവേലികൾ, ആവശ്യമായ ജലലഭ്യതയ്ക്ക് പാർക്കിൽ കുളങ്ങൾ നിർമ്മിക്കും. മരങ്ങൾ നട്ടുപിടിപ്പിക്കുകന്നതിലുപരി സമ്പൂർണ്ണ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പാർക്കിൽ പൊതുജനങ്ങൾക്കായി ഓപ്പൺ ജിം, ഇരിപ്പിടങ്ങൾ നിർമ്മിച്ച് വിനോദകേന്ദ്രമായി മാറ്റാന്നും പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നുണ്ട്. പ്രകൃതിയോടിണങ്ങിയ ഒരിടം ഒരുക്കി പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രകൃതിയുടെ സുരക്ഷയും നാടിന്റെ വികസനവും ജൈവവൈവിധ്യ പാർക്കുകളിലൂടെ സാധ്യമാക്കുകയാണെന്ന് കോ-ഓർഡിനേറ്റർ പി.സി മജീദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *