അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച്‌ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരെ സഹായിക്കണം- പ്രിയങ്ക ഗാന്ധി എം പി

കല്പറ്റ: മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കൊപ്പം നിൽക്കേണമെന്നും അവരുടെ ശബ്ദം കേൾക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാസം തോറും ഒരു കുടുംബത്തിലെ രണ്ടു പേർക്ക് നൽകുന്ന മുന്നൂറ് രൂപ ആനുകൂല്യവും വീട്ടു വാടകയായി നൽകുന്ന ആറായിരം രൂപയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാണിച്ച് പ്രിയങ്ക ഗാന്ധി എം.പി. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചത്. ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി തള്ളുന്നതിനും വേണ്ട നടപടികൾ എടുക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സർക്കാർ സഹായം മാത്രം ആശ്രയിച്ച്‌ കഴിയുന്ന വീട് നഷ്ടപ്പെട്ടവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ സമയത്ത് നൽകാത്തത് അവരെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ നൽകുന്നതിൽ നിരന്തരമായ കാലതാമസം ഉണ്ടാവുന്നത് പരിശോധിച്ച് നടപടികളെടുക്കണം. വീട് നഷ്ടപ്പെട്ടവരുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാത്തത് അവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ദുരന്തകാലത്ത് മുഴുവൻ സമൂഹവും ഒരുമിച്ച് പിന്തുണ നല്കിയതാണെന്നും തുടർന്നും അവരുടെ ദുരവസ്ഥയിൽ താങ്ങാവേണ്ടത് ഭരണകൂടമാണെന്നും പ്രിയങ്ക ഗാന്ധി കത്തിൽ ഓർമ്മിപ്പിക്കുന്നു.

കത്തിന്റെ പൂർണ്ണരൂപം ചുവടെ:

ശ്രീ പിണറായി വിജയൻ ജി,

ചൂരൽമല മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പിലാക്കാൻ വൈകുന്ന അടിയന്തിര വിഷയം അങ്ങയുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനാണ്‌ ഞാൻ ഈ കത്തെഴുതുന്നത്. അങ്ങേയ്ക്ക് അറിവുള്ളത് പോലെ, ഈ ദുരന്തത്തിനിരയായവർ അനുഭവിച്ച കനത്ത ആഘാതത്തിൽ നിന്ന് അവരുടെ ജീവിതം തിരികെ പിടിക്കാൻ ഇപ്പോഴും കഷ്ടപ്പെടുകയാണ്. അവരിൽ ബഹുഭൂരിപക്ഷവും ഇന്ന് സർക്കാർ സഹായങ്ങളെ മാത്രം അശ്രയിക്കുന്നവർ ആയതുകൊണ്ട്‌ തന്നെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര നടപടികൾ‌ വൈകുന്നത്‌, പ്രത്യേകിച്ച് മാസം തോറും അവർക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങൾ ലഭിക്കാതെ വരുന്നത്‌, അവർക്ക്‌ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

മാസം തോറും ആറായിരം രൂപ എന്ന് നിശ്ചയിക്കപ്പെട്ട വാടക നൽകുന്നതിലും ഒരു കുടുംബത്തിലെ രണ്ടു പേർക്ക് മുന്നൂറ്‌ രൂപ വീതമുള്ള ആനുകൂല്യം നൽകുന്നതിലും വലിയ കാലതാമസം നേരിടുന്നുണ്ട്‌. ഇത് അവരുടെ വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഈ തുക സമയബന്ധിതമായി വിതരണം ചെയ്യുന്നത് ഏറെ സഹായകമായിരിക്കും. ഈ തുക വിതരണം ചെയ്യുന്നതിൽ വരുന്ന നിരന്തരമായ കാലതാമസം പരിശോധിച്ച് തുടർ നടപടികൾ വേഗത്തിലാക്കാൻ അടിയന്തിരമായി ഇടപെടണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. കൽപ്പറ്റ എം.എൽ.എ. ശ്രീ. ടി. സിദ്ദിഖും മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ബാബുവും നല്കിയിട്ടുളള നിവേദനങ്ങൾ അങ്ങയുടെ പരിഗണനയ്ക്കായി ഇതോടൊപ്പം ചേർക്കുന്നു. ദുരന്ത ബാധിതരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലും കാലതാമസം ഉണ്ടായിട്ടുണ്ട്‌ എന്നത്‌ കൂടി ഞാൻ ശ്രദ്ധയിൽ പെടുത്തട്ടെ. ദൗർഭാഗ്യകരമായ ഈ കാലതാമസം ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വലിയ ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.

കൂടാതെ, ജീവനോപാധി നഷ്ടപ്പെട്ടവരുടേയും വർദ്ധിച്ചു വരുന്ന ബാധ്യതകൾ ഉള്ളവരുടേയും വായ്പകൾ എഴുതിത്തള്ളാത്ത നടപടി അവരിൽ വലിയ രോഷം ഉണ്ടാക്കുന്നുണ്ട്‌. ഈ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൂടി ഞാൻ അഭ്യർത്ഥിക്കുന്നു.

ദുരന്തം നടന്ന് പത്ത് മാസം കഴിഞ്ഞ ഈ വേളയിൽ മേൽ പറഞ്ഞ കാലതാമസവും അനുബന്ധ വിഷയങ്ങളും എത്രയും വേഗം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവർ അനുഭവിക്കുന്ന വേദന കൂട്ടുന്ന സാഹചര്യം നമ്മൾ ഉണ്ടാക്കരുത്. ഈ ദുരന്തം നടന്നപ്പോൾ മുഴുവൻ സമൂഹവും, കേരളവും നമ്മുടെ രാജ്യവും ഒന്നാകെ, അവരോടൊപ്പം നിലയുറപ്പിച്ചതാണ്. തുടർന്നും അവർക്ക്‌ പിന്തുണ നൽകി, അവരുടെ ദുരവസ്ഥയിൽ കൂടെ നിൽക്കേണ്ട ഉത്തരവാദിത്തം ഇനി നമുക്കാണ്. അങ്ങയുടെ അധികാരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് അവരുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിന്‌ കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അങ്ങയുടെ ഇടപെടലുകളിൽ അഗാധമായ നന്ദിയുള്ളവരായിക്കും അവർ എന്ന് എനിക്ക് ഉറപ്പുണ്ട്.

വിശ്വസ്തതയോടെ,

പ്രിയങ്ക ഗാന്ധി വാദ്ര*

Leave a Reply

Your email address will not be published. Required fields are marked *