മാനന്തവാടി റൂസ കോളേജ്; സംസ്ഥാന സർക്കാർ തുടരുന്ന കബളിപ്പിക്കൽ അവസാനിപ്പിക്കണം, കോളേജ് ഉടൻ യാഥാർഥ്യമാക്കണം: പി.ടി സിദ്ധീഖ്

മാനന്തവാടി: റൂസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി മണ്ഡലത്തിൽ അനുവദിക്കപ്പെട്ട ഗവ:മോഡൽ ഡിഗ്രി കോളേജ് (റൂസ കോളേജ് ) വിഷയത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന കബളിപ്പിക്കൽ അവസാനിപ്പിക്കണമെന്നും കോളേജ് ഉടൻ യാഥാർഥ്യമാക്കണമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്.

2018 ലെ മന്ത്രിസഭ യോഗ തീരുമാന പ്രകാരം പേര്യ വില്ലേജിൽ അനുവദിക്കപ്പെട്ടതും 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഡിജിറ്റലായി തറക്കല്ലിട്ടതുമായിരുന്നു കോളേജ്.2019 ജൂലൈ മാസം കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ 4 കോഴ്സുകളുമായി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തന മാരംഭിക്കുമെന്നും ഒരു കൊല്ലം കൊണ്ട് കോളേജിന് സ്വന്തമായി കെട്ടിടങ്ങൾ നിർമിക്കുമെന്നുമെല്ലാം അന്നത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി ജലീൽ, എം.എൽ.എ ഒ ആർ കേളു തുടങ്ങിയവർ വീരവാദം മുഴക്കിയിരുന്നു.

എന്നാൽ വർഷം 7 കഴിഞ്ഞിട്ടും ആ വാഗ്ദാനം നടപ്പിലായിട്ടില്ലന്ന് മാത്രമല്ല ഇപ്പോൾ വീണ്ടും ത്രിശ് ലേരി വില്ലേജിൽ കോളേജ് നിർമിക്കുമെന്ന് വാഗ്ദാനവുമായി സർക്കാർ രംഗ പ്രവേശനം ചെയ്തിരിക്കുകയാണ്.
ജില്ലയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് സഹായകരമായേക്കാവുന്ന റൂസ കോളേജിന്റെ നിർമാണവും ക്ലാസ് ആരംഭവും ഇനിയും വൈകിപ്പിക്കാതെ ഉടൻ തന്നെ കോളേജ് യാഥാർഥ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *