കൽപ്പറ്റ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരള (എ.എ.ഡബ്ല്യു.കെ) ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ ആറ് കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനം ജൂൺ 4 ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറ് സ്വപ്ന ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബുധനാഴ്‌ച രാവിലെ 10 മണിക്ക് മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. എം എൽ എമാരായ ടി. സിദ്ദിഖ്, ഐ സി ബാലകൃഷ്‌ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, സംഘടനാ ഭാരവാഹികൾ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. മുട്ടിൽ ചിലഞ്ഞിച്ചാലിൽ 850 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. ദുരന്തത്തിനിരയായ ആറ് കുടുംബങ്ങൾക്കാണ് വീടും 5 സെന്റ് സ്ഥലവും സംഘടന നൽകുന്നത്. രണ്ട് ബെഡ്റൂം, കിച്ചൺ, ഹാൾ, ബാത്റൂം സൗകര്യങ്ങളോടെ 20 ലക്ഷം രൂപ ചിലവിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.ജി ഗോപകുമാർ, ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്, ജോയിന്റ് സെക്രട്ടറി പി.ഡി. സുരേഷ് കുമാർ, ജില്ലാ പ്രസിഡൻ്റ് പ്രസാദ് കുമാർ, സെകട്ടറി കെ.എൻ പ്രശാന്തൻ, ട്രഷറർ എ.സി അശോക് കുമാർ, വൈസ് പ്രസിഡൻ്റ് ബിജു മനക്കൻ, ജോയിൻ്റ് സെക്രട്ടറി എം വാസു എന്നിവർ പങ്കെടുത്തു.
എ.എ.ഡബ്ല്യു.കെ നിർമ്മിച്ച് നൽകുന്ന സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനം ജൂൺ 4ന്
