കൽപ്പറ്റ: ആദിവാസി യുവാവായ അമ്പലവയൽ ആണ്ടൂർ സ്വദേശി സുരേഷ് ബാബുവിന്റെ വീടും സ്ഥലവും ജപ്തി ചെയ്ത് ലേലം ചെയ്യുന്ന കാനറ ബേങ്ക് നടപടിയിൽ പ്രതിഷേധിച്ച് കടക്കെണി വിമോചന മുന്നണിയുടെ നേതൃത്വത്തിൽ ബേങ്കിൻ്റെ ബത്തേരി ശാഖയിലേക്ക് ജൂൺ 26 ന് രാവിലെ 10.30 ന് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2017 ൽ എടുത്ത 20 ലക്ഷം രൂപ ബേങ്ക് വായ്പയുടെ തിരിച്ചടവ് എല്ലാ മാസവും കൃത്യമായി കൊവിഡ് തുടങ്ങും മുമ്പ് തന്നെ സുരേഷ് അടച്ചിരുന്നു. ഒമ്പത് ലക്ഷം രൂപ തിരിച്ചടവ് നടത്തി. എന്നാൽ കൊവിഡിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച കൊവിഡ് കാല മൊറട്ടോറിയം സുരേഷ് ബാബുവിന്റെ ലോണിലും നടപ്പാക്കിയില്ല. മാത്രമല്ല പലിശയും പലിശക്ക് പലിശയും ഈടാക്കി കൊണ്ട് 40 ലക്ഷം രൂപ ഒന്നിച്ച് അടക്കണം എന്ന് കാണിച്ച് ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. 70 ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള സുരേഷ് ബാബുവിന്റെ വീടും സ്ഥലവും ജപ്തി ചെയ്ത് കൈവശപ്പെടുത്താനുള്ള ശ്രമമാണിത്. ഒരു ഭാഗത്ത് ആദിവാസികൾക്ക് വീടും സ്ഥലവും അനുവദിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടം മറുഭാഗത്ത് ആദിവാസികളുടെ വീടും സ്ഥലവും ജപ്തി ചെയ്തു കൊള്ളയടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന് അവർ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ സംസ്ഥാന കൺവീനർ അരൂഷ് കാരായി, ജില്ലാ കൺവീനർ കെ ഷമീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബു പൂക്കോട്, കാസിം മാസ്റ്റർ തരുവണ എന്നിവർ പങ്കെടുത്തു
കടക്കെണി വിമോചന മുന്നണി ജപ്തി നടപടിക്കെതിരെ മാർച്ച് നടത്തും
