കൽപറ്റ: ഓരോ വർഷവും രണ്ടുകോടി തൊഴിൽ നൽകുമെന്നാണ് അധികാരത്തിലേറുമ്പോൾ മോദി സർക്കാർ രാജ്യത്തെ യുവജനങ്ങളോട് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ 11 വർഷം പിന്നിടുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞവർഷം വയനാട്ടിൽ മുണ്ടക്കൈ ചൂരൽമലയിൽ നടന്ന പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലും പുനരധിവാസം അടക്കമുള്ള കാര്യങ്ങളിലും സംസ്ഥാന സർക്കാരിനോടും ജനങ്ങളോടും രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം പുലർത്തുന്നത്. വയനാട് നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധിക്കും ബദൽ റോഡ് വിഷയത്തിൽ വനഭൂമി വിട്ടുനിൽക്കുന്നതിൽ അടക്കം എല്ലാ മേഖലയിലും കേന്ദ്രം കടുത്ത അവഗണനയാണ് തുടരുന്നത് എന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് പി.പി ഷൈജൽ.
ഓഗസ്റ്റ് 9ന് രാഷ്ട്രീയ യുവജന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിനെതിരെ കൽപറ്റയിൽ നടക്കുന്ന യുവജന സമരസാക്ഷ്യത്തിന്റെ ഭാഗമായി കൽപറ്റ നിയോജക മണ്ഡലം ആർവൈജെഡി കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
രാഷ്ട്രീയ യുവജനതാദൾ നിയോജക മണ്ഡലം പ്രസിഡൻ്റ് ഷൈജൽ കൈപ്പങ്ങൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെടി ഹാഷിം, സംസ്ഥാന കമ്മിറ്റി അംഗം ജോമിഷ് പിജെ,നിസാർ പള്ളിമുക്ക് എന്നിവർ സംസാരിച്ചു.നിയോജക മണ്ഡലം ഭാരവാഹികളായ ജേക്കബ് പുത്തുമല, മുജീബ് പുതുശ്ശേരികടവ്, ജലീൽ ഉമ്മത്തൂർ, അനസ് ചൂണ്ടേൽ എന്നിവർ നേതൃത്വം നൽകി.
