മുണ്ടക്കൈ–ചൂരൽമല ഫണ്ട്‌ വെട്ടിപ്പ്‌ സിപിഐ എം ജനകീയ വിചാരണ; വാഹനജാഥക്ക്‌ തുടക്കം

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരിതാശ്വാസ ഫണ്ട്‌ പിരിച്ച്‌ തട്ടിപ്പ്‌ നടത്തിയ കോൺഗ്രസ്‌–യൂത്ത്‌ കോൺഗ്രസ്‌–മുസ്ലിംലീഗ്‌ കൊള്ളയ്‌ക്കും ധനസഹായം നൽകാത്ത കേന്ദ്ര സർക്കാരിന്റെ വഞ്ചനയ്‌ക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന ജനകീയ വിചാരണയുടെ വാഹന പ്രചാരണ ജാഥയ്‌ക്ക്‌ തുടക്കം. കൽപ്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വി ഹാരിസ്‌ ക്യാപ്‌റ്റനും പി ആർ നിർമല വൈസ്‌ ക്യാപ്‌റ്റനുമായ ജാഥ വെള്ളി വൈകിട്ട്‌ നീലിക്കാപ്പിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്തു. കെ അബ്ദുറഹ്മാൻ അധ്യക്ഷനായി. വി ഹാരിസ്‌, പി ആർ നിർമല, പി സി ഹരിദാസൻ, കെ എം ഫ്രാൻസിസ്‌, കെ വിനോദ്‌, കെ കെ സഹദ്‌, എം ബൈജു, മുഹമ്മദലി എന്നിവർ സംസാരിച്ചു.

ജാഥ ശനി രാവിലെ ഒമ്പതിന്‌ വടുവഞ്ചാലിൽനിന്ന്‌ പര്യടനം ആരംഭിച്ച് വൈകിട്ട്‌ അഞ്ചിന്‌ മുട്ടിൽ ട‍ൗണിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എം മധു ഉദ്‌ഘാടനംചെയ്യും. റിപ്പൺ പുതുക്കാട്‌, മേപ്പാടി, കുന്നമ്പറ്റ, കൽപ്പറ്റ, മുണ്ടേരി, വാഴവറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.

പി എം നാസർ ക്യാപ്‌റ്റനും വി എൻ ഉണ്ണികൃഷ്‌ണൻ വൈസ്‌ ക്യാപ്‌റ്റനുമായ കോട്ടത്തറ ഏരിയാ ജാഥ ശനി രാവിലെ ഒമ്പതിന്‌ പിണങ്ങോട്‌ എം മധു ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ കമ്പളക്കാട്‌ സമാപന സമ്മേളനം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ചെന്ദലോട്‌ പതിനാറാം മൈൽ, പുതുശേരിക്കടവ്‌, കുപ്പാടിത്തറ മില്ലുമുക്ക്‌, വെണ്ണിയോട്‌, കോട്ടത്തറ, കണിയാമ്പറ്റ, കരണി എന്നിവിടങ്ങളിൽ സ്വീകരണം നൽകും.

25ന്‌ വൈകിട്ട്‌ നാലിന്‌ കൽപ്പറ്റ, വൈത്തിരി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ്‌ ജനകീയ വിചാരണ സദസ്സ്‌.

Leave a Reply

Your email address will not be published. Required fields are marked *