ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

കൽപ്പറ്റ: ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍
സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, വളര്‍ത്തുമൃഗ ഇന്‍ഷുറന്‍സ്, വീട് പെര്‍മിറ്റ്, വൈദ്യുതീകരണം, ക്ഷേമ പെന്‍ഷന്‍, വീട്ടു നമ്പര്‍ ലഭ്യമാക്കല്‍ തുടങ്ങി 12 ഓളം വിഷയങ്ങളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. പദ്ധതിയുടെ ആദ്യഘട്ട പര്യടനത്തില്‍ പെന്‍ഷന്‍, ക്വാറി, റോഡ് നവീകരണം, വൈദ്യൂതീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കെട്ടിട നമ്പര്‍, അനധികൃത വാഹന പാര്‍ക്കിങ്, കുടിവെള്ളം, വന്യമൃഗശല്യം, ഇന്‍ഷൂറന്‍സ്, വൈദ്യൂതി പോസ്റ്റ് മാറ്റി പുനസ്ഥാപിക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ 77 പരാതികളാണ് ലഭിച്ചത്. ഓണ്‍ലൈനായി 56 പരാതികളും നേരിട്ട് 21 പരാതികളുമാണ് ലഭിച്ചത്. മറ്റു പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി തീര്‍പ്പാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആസ്പിരേഷണല്‍ ജില്ലാ സൂചകകങ്ങളായ ആരോഗ്യ പരിശോധനയില്‍ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രേമേഹം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഉറപ്പാക്കി. അദാലത്തിന് എത്തിയ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കി. റവന്യൂ, ഭക്ഷ്യ വകുപ്പ്, മൃഗസംരക്ഷണം, ആരോഗ്യം, പട്ടികവര്‍ഗ്ഗ വികസനം, തദ്ദേശ സ്വയഭരണം, അക്ഷയ തുടങ്ങി വിവിദ വകുപ്പുകളുടെ സേവനങ്ങള്‍ അദാലത്തില്‍ ലഭ്യമാക്കി. ജില്ലയിലെ എല്ലാം ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് അദാലത്ത് സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ എ.ഡി.എം കെ. ദേവകി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, ഡെപ്യൂട്ടി കളക്ടര്‍ ഇ. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പി. എം നാസര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ തോമസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ദീപ രാജന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ. അനിത, ശ്രീജ ജയപ്രകാശ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍ വീടുകളില്‍ എത്തിക്കുന്നത്. ഉന്നതിയിലേക്കുള്ള കുടിവെള്ള സ്രോതസ്സില്‍ സ്ഥാപിച്ച പമ്പ് സെറ്റിന്റെ മോട്ടര്‍ നിരന്തരം കത്തി നശിക്കുന്നതാണ് ജലവിതരണം കൃത്യമായി നടക്കാത്തത് എന്ന് ഉന്നതി നിവാസികള്‍ അറിയിച്ചു. ഉന്നതി നിവാസി സുശീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എന്‍ജിനിയറോട് പരിശോധിക്കാനും ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി ഫണ്ട് വകയിരുത്തി അടിയന്തിര നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും
കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക് നാല് സെന്റ് സ്ഥലവും വീടും ലഭിച്ചിരുന്നു. എന്നാല്‍ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭികാത്തതിനെ തുടര്‍ന്നാണ് അജിത ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ എത്തിയത്. പരാതി പരിശോധിച്ച കളക്ടര്‍ കല്‍പ്പറ്റ കെ.എസ്.ഇ.ബി സബ് ഡിവിഷനോട് വീടു നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍ വൈദ്യുതികരണം ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *