കല്‍പ്പറ്റ: അമ്പലവയല്‍ അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രം അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2022-2023, 2023-2024 ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥരുടെ അഴിമതിക്കഥകളുള്ളത്. വ്യാപകമായ അഴിമതി കണ്ടുപിടിക്കപ്പെട്ടപ്പോള്‍ കോടികളുടെ വില്‍ക്കലും വാങ്ങലും നടത്തിയതിന്റെ തെളിവായ നഴ്‌സറി സ്റ്റോക്ക് രജിസ്റ്റര്‍ ജീവനക്കാര്‍ നശിപ്പിച്ചു കളഞ്ഞെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം സ്റ്റോക്ക് രജിസ്റ്റര്‍ വളരെ പ്രധാനപ്പെട്ട രേഖയാണ്. ഇതാനശിപ്പിക്കപ്പെട്ടത്. ഈ രജിസ്റ്റര്‍ നഷ്ടപ്പെട്ടിട്ട് ഏകദേശം രണ്ട് വര്‍ഷത്തോളമായിട്ടും ഇത് കണ്ടെത്താനോ, പൊലിസില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കാനോ കെ.വി.കെ അധികൃതര്‍ തയ്യാറാകാത്തത് സംഭവത്തില്‍ ഉന്നത ഗൂഡാലോചനകള്‍ നടന്നോ എന്ന സംശയം ജനിപ്പിക്കുന്നതാണ്. മാനന്തവാടിയിലെ ഒരു സ്വകാര്യ നഴ്‌സറിയില്‍ നിന്നും വിത്തുകളും തൈകളും വാങ്ങി കൃഷിഭവന്‍ മുഖേന കര്‍ഷകര്‍ക്ക് വിതരണം നടത്തിയതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഏര്‍ക്കാട് നിന്ന് കുരുമുളക് വള്ളികള്‍ വാങ്ങിയതിലും ലക്ഷങ്ങളാണ് വെട്ടിച്ചത്. തൂക്ക ചിട്ട് വെക്കാതെ(വേ ബ്രിഡ്ജ് ബില്‍) തൂക്കത്തില്‍ കൃത്രിമം കാട്ടി ലക്ഷക്കണക്കിന് രൂപയും ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തു. വിയറ്റ്‌നാം സൂപ്പര്‍ എര്‍ളി എന്ന പ്ലാവ് ബഡ് തൈകള്‍ വാങ്ങിയും ലക്ഷങ്ങളാണ് തട്ടിയത്. 100 രൂപയില്‍ താഴെ വിലയ്ക്ക് ഇതേ പ്ലാവിന്‍ തൈകള്‍ അമ്പലവയലിലെ സ്വകാര്യ നഴ്‌സറികളില്‍ ലഭ്യമായിരിക്കെ 175 രൂപക്കാണ് കൃഷി വിജ്ഞാന കേന്ദ്രം ഇവ വാങ്ങി കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. 23 രൂപയ്ക്ക് കമുകിന്‍ തൈകള്‍ സ്വകാര്യ നഴ്‌സറികളില്‍ നിന്നും ലഭ്യമായിരിക്കെ 32 രൂപയ്ക്കാണ് കൃഷി വിജ്ഞാന കേന്ദ്രം വാങ്ങിയത്. ആര്‍.എ.ആര്‍.എസിലെ ജീവനക്കാരില്‍ നിന്നും ഗ്രാഫ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന അവക്കാഡോ സയന്‍ വാങ്ങിയതിലും ലക്ഷങ്ങള്‍ തട്ടി. ഈ ജീവനക്കാരന്‍ ആര്‍.എ.ആര്‍.എസിലെ അവക്കാഡോ തോട്ടത്തില്‍ നിന്നും കമ്പുകള്‍ വെട്ടിയെടുത്താണ് കെ.വി.കെയില്‍ നല്‍കിയെന്നാണ് സംശയം. സ്വകാര്യ അഗ്രികള്‍ച്ചര്‍ നേഴ്‌സറിയുടെ നാല് വ്യാജ ബില്ലുകള്‍ ക്രിത്രിമമായി ഉണ്ടാക്കി ഓഫിസ് അറ്റന്റ്ന്റ് പേരില്‍ 13,750 രൂപയും ട്രാക്ടര്‍ ഡ്രൈവറുടെ പേരില്‍ 76,854 രൂപയും തട്ടി.
ഇത്തരത്തില്‍ നിരവധി തട്ടിപ്പുകളാണ് കെ.വി.കെയില്‍ നടന്നിരിക്കുന്നത്. ഓഫിസ് ജീവനക്കാരുടെ പേരിലും കെ.വി.കെയിലെ അധ്യാപകരുടെ പേരിലും രാജ്യത്തെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ലക്ഷങ്ങള്‍ തട്ടി. വ്യാജ ടെന്ററുകളും ക്വട്ടേഷനുകളും ഉണ്ടാക്കി മരാമത്ത് പണികളുടെ മറവിലും ലക്ഷങ്ങള്‍ തട്ടി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 27ന് കെ.വി.കെയിലേക്ക് മാര്‍ച്ച് നടത്തുമെന്നും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തുടര്‍സമരങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോവുമെന്നും ജില്ലാ ഭാരവാഹികളായ ലയണല്‍ മാത്യു, അനീഷ് എം.ജെ, അഫ്‌സല്‍ ചീരാല്‍, ഹര്‍ഷല്‍ കോനാടന്‍, ഫെബിന്‍ കല്‍പ്പറ്റ എന്നിവര്‍ അറിയിച്ചു.
