മരിയനാട് 320 കുടുംബങ്ങൾക്കും ഭൂമി ലഭിച്ചില്ലങ്കിൽ അളവ് വീണ്ടും തടയുമെന്ന് സമരസമിതി

കൽപ്പറ്റ: കല്‍പ്പറ്റ: മൂന്ന് വര്‍ഷത്തിലധികമായി മരിയനാട് എസ്‌റ്റേറ്റില്‍ കുടില്‍ക്കെട്ടായി ഭൂമിക്കായി സമരം ചെയ്യുന്ന 320 കുടുംബങ്ങളെ അവഗണിച്ച് മറ്റുള്ളവര്‍ക്ക് ഭൂമി നല്‍കാനുള്ള നീക്കം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മരിയനാട് ഭൂസമര സമിതി ചെയര്‍മാന്‍ ബി.വി ബോളന്‍, കണ്‍വീനര്‍ എ. ചന്തുണ്ണി, ഭാരവാഹികളായ സീതാ മാരന്‍, ബീന ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തെന്ന് പറയുന്ന 15 കുടുംബങ്ങള്‍ക്ക് മരിയനാട് എസ്‌റ്റേറ്റിലെ ഭൂമി പതിച്ച് നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ ഭൂസമരസമിതി എതിരല്ല. എന്നാല്‍, ഇവിടെ ഭൂമിക്കായി സമരമിരിക്കുന്ന 320 കുടുംബങ്ങള്‍ക്കും ഭൂമി പതിച്ച് നല്‍കിയതിന് ശേഷം മാത്രമെ പുറത്ത് നിന്നുള്ളവര്‍ക്ക് ഭൂമി നല്‍കാന്‍ അനുവദിക്കുകയുള്ളൂ. നിലവില്‍ സമരത്തിലുള്ള കുടുംബങ്ങളെല്ലാം ഭൂരഹിതരാണ്. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള തങ്ങളുടെ അവകാശമാണ് ഭൂമി. അത് പതിച്ച് നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തങ്ങളുടെ സമരം പോലും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. നിലവില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ 15 കുടുംബങ്ങള്‍ക്ക് ഭൂമി അളന്ന് തിരിച്ച് നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇത് ഭൂസമര സമിതി എതിര്‍ത്തതോടെയാണ് പരാജയപ്പെട്ടത്. അതേതുടര്‍ന്നാണ് നിലവില്‍ മുഴുവന്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനമെടുത്തു. ഇതിന് എല്ലാ സൗകര്യങ്ങളും ഭൂസമര സമിതി ചെയ്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, അളക്കല്‍ സമര രംഗത്ത് ഇല്ലാത്തവര്‍ക്ക് മാത്രമായാല്‍ മരിയനാട് നിന്നും കലക്ടറേറ്റിലേക്ക് പദയാത്ര നടത്തി പ്രതിഷേധം അറിയിക്കും. നിലവില്‍ ഭൂസമരം നീട്ടിക്കൊണ്ട് പോകുന്നത് തന്നെ മനുഷ്യാവകാശ ലംഘനമാണ്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനസിലാക്കണമെന്നും മനുഷ്യത്വ പരിമായി പരിഹരിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഭൂസമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *