മാനന്തവാടി: വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ‘പിഎം ശ്രീ’യിൽ ധാരണാപത്രം ഒപ്പുവെച്ച പിണറായി സർക്കാരിനെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
പുതിയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗൂഢശ്രമമാണ് പിഎം ശ്രീ പദ്ധതിയെന്ന് എസ്ഡിപിഐ ആരോപിച്ചു. മറ്റ് നയങ്ങളേക്കാൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും തെറ്റായ ചരിത്രം അടിച്ചേൽപ്പിച്ച് വരും തലമുറയെ വഴിതെറ്റിക്കുന്നതുമായ തീരുമാനമാണിത്. ഈ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിലൂടെ പിണറായി സർക്കാർ കേരളത്തെ വഞ്ചിച്ചുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.
മാനന്തവാടി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, സെക്രട്ടറി സജീർ എം.ടി., ആക്ടിങ് സെക്രട്ടറി നുഹ്മാൻ പുലിക്കാട്, നിസാർ,സുബൈർ, വി.കെ. മുഹമ്മദലി, അസൈനാർ, കബീർ, സി കെ അബു തുടങ്ങിയവർ നേതൃത്വം നൽകി.
