മണിയങ്കോടിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കൽപ്പറ്റ: നഗരസഭയിലെ മുണ്ടേരി, മണിയങ്കോട്, പൊന്നട, പുളിയാർമല റോഡുകളിലെ ദുരിതയാത്രക്ക്‌ പരിഹാരമാവശ്യപ്പെട്ട്‌ പ്രതിഷേധ ജ്വലയുമായി സിപിഐ എം. യുഡിഎഫ്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച്‌ വ്യാഴം വൈകിട്ട്‌ മണിയങ്കോട്‌ നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനു പേർ അണിനിരന്നു.

 ആയിരങ്ങൾ ദിവസവും ആശ്രയിക്കുന്ന നഗരസഭയുടെ പാതകൾ വർഷങ്ങളായി തകർന്ന്‌ തരിപ്പണമാണ്‌. കാൽനടയാത്രപോലും പ്രതിസന്ധിയിലായ റോഡിന്റെ ദുരവസ്ഥ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ഭരണസമിതി. കുണ്ടിലും കുഴിയിലും ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും വീണ്‌ അപകടം പതിവായതിലും മഴയത്ത്‌ വെള്ളമുയർന്ന്‌ റോഡ്‌ തോടിന്‌ സമാനമാകുന്ന ദുരിതത്തിലും പ്രതിഷേധം ഇരമ്പി.

സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ് ഉദ്ഘാടനംചെയ്തു. പി സി ഫിലിപ്പ് അധ്യക്ഷനായി. പി കെ അബു, ടി ജി ബീന എന്നിവർ സംസാരിച്ചു. ടി പി ബാലകൃഷ്ണൻ സ്വാഗതവും ബീന രതീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *