മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷവും ക്രിസ്മസ് റാലിയും നടത്തി

 മാനന്തവാടി : അപ്പോസ്തലിക സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. മാനന്തവാടിയിലെ 8 അപ്പോസ്തലിക സഭകളിൽ പെട്ട 9 ദേവാലയങ്ങളിൽ നിന്ന് വൈകിട്ട് 5ന് റാലികൾ ആരംഭിച്ചു. കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്നും മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ആരംഭിച്ച റാലികളുമായി മറ്റ് ദേവാലയങ്ങളിൽ നിന്ന് ആരംഭിച്ച റാലികളും ചേർന്ന് ഗാന്ധി പാർക്കിൽ സംഗമിച്ചു. തുടർന്ന് നഗര പ്രദക്ഷണം നടത്തി സമ്മേളന വേദിയായ ലിറ്റിൽ ഫ്ലവർ സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ക്രിസ്മസ് പാപ്പമാരും മാലാഖമാരുടെ വേഷം ധരിച്ച കുഞ്ഞുങ്ങളും വർണക്കൊടികളും മുത്തുക്കുടകളും വാദ്യമേളങ്ങളും റാലിക്ക് കൊഴുപ്പേകി. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ഇസിഎഫ് പ്രസിഡൻ്റ് ഫാ.സോണി വാഴകാട്ട് അധ്യക്ഷത വഹിച്ചു. സെൻ്റ് വിൻസൻഷ്യൽ സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ മദർ ഫിലോ ക്രിസ്തുമസ് സന്ദേശം നൽകി. മാനന്തവാടി അമലോത്ഭവ മാതാ തീർഥാടന കേന്ദ്രം വികാരി ഫാ. ഏബ്രഹാം അകശാലയിൽ കേക്ക് മുറിച്ചു. ഫാ. കോശി ജോർജ്, ഫാ. ജോർജ് കെ. വർഗീസ്, ഫാ. ബേബി പൗലോസ്, ഫാ. തോമസ് തുണ്ടിയിൽ, ഫാ. ടി.എം. കുര്യാക്കോസ്, ഫാ.സിറിയക് ഓട്ടപ്പള്ളിയിൽ, ഫാ. ഷാജി മൂത്തേടത്ത്, ഇസിഎഫ് സെക്രട്ടറി കെ.റോജർ ഹിൽട്ടൺ, ട്രഷറർ റോജസ് മാർട്ടിൻ, ജയിംസ് മാത്യു, കെ.എം. ഷിനോജ്, പാപ്പച്ചൻ മുശാപ്പിള്ളിയിൽ, സൽജു പള്ളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.വിവിധ ദേവാലയങ്ങളിൽ നിന്നും ഉള്ള കലാ പരിപാടികൾ അരങ്ങേറി. സ്നേഹ ദീപം തെളിയിക്കൽ, ബൈബിൾ വായന, കേക്ക് വിതരണം എന്നിവയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *