ജിനേഷിന്റെ ഭാര്യ രേഷ്‌മയുടെ ആത്മഹത്യ; ബ്ലേഡ് മാഫിയക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

ബത്തേരി: ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്‌മ ജീവനൊടുക്കിയ സംഭവത്തിൽ ബ്ലേഡ് മാഫിയ സംഘത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്.

 

കഴിഞ്ഞ 30-നാണ് രേഷ്‌മയെ കോളിയാടിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് കോവിഡ് കാലത്ത് ജിനേഷ് ബീനാച്ചി, പഴുപ്പത്തൂർ സ്വദേശികളിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് പലിശ സഹിതം തിരിച്ചടച്ചിട്ടും, അന്ന് ഈട് നൽകിയ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും തിരികെ നൽകാതെ വീടും സ്ഥലവും തട്ടിയെടുക്കാൻ ശ്രമിച്ചതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

 

ജിനേഷ് ഇസ്രായേലിലേക്ക് പോകും മുൻപ് ഈ സംഘം അദ്ദേഹത്തെ മർദ്ദിച്ചിരുന്നു. ആറ് മാസം മുൻപാണ് ജിനേഷ് മരിച്ചത്. മരണശേഷം തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നും സ്വത്ത് തട്ടിയെടുക്കാൻ നീക്കം നടത്തുന്നെന്നും കാണിച്ച് ഭർത്താവ് ഒപ്പിട്ടുനൽകിയ രേഖകൾ തിരികെ ലഭിക്കാൻ കഴിഞ്ഞ ആഗസ്റ്റ് 27-ന് രേഷ്‌മ ബത്തേരി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് പരാതി സ്വീകരിക്കാൻ വിമുഖത കാണിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *