ബോചെ ഭൂമിപുത്ര തോട്ടഭൂമിയിലെ അനധികൃത നിർമ്മാണവും തരം മാറ്റലും നിർത്തിവെക്കാനുള്ള ഉത്തരവ് കർക്കശമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്
ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബോച്ചെ ഭൂമിപുത്ര 1000 ഏക്കർ ലിമിറ്റഡ് വയനാട് മേപ്പാടിയിലെ തോട്ടഭൂമിയിൽ നടത്തുന്ന അനധികൃത നിർമ്മാണവും തരംമാറ്റലും നിർത്തി വെയ്ക്കാനുള്ള നിരോധന ഉത്തരവ് കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നിരോധന ഉത്തരവ് ഇട്ടശേഷം അത് ലംഘിച്ച് നിർമ്മാണങ്ങൾ നടത്തിയോ എന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷിക്കണം. ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ നടപടി എടുക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇട്ട നിരോധന ഉത്തരവ് കർശനമായി നടപ്പാക്കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ്, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻ്റ് ബാദുഷ നൽകിയ പൊതുതാൽപ്പര്യ ഹരജിയിൽ ഉത്തരവിട്ടത്. ന്യൂഇയർ പാർട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമലംഘനങ്ങൾക്ക് ക്രിമിനൽ കേസ് എടുത്തിട്ടുണ്ടെന്ന് വയനാട് SP ക്ക് വേണ്ടി GP കോടതിയെ അറിയിച്ചു. കേസ് വിശദമായി പിന്നീട് പരിഗണിക്കും.
