തോട്ടം തൊഴിലാളികള്‍ 17ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.

കല്‍പ്പറ്റ: മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍(ഐഎന്‍ടിയുസി), സ്വന്തന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തോട്ടം തൊഴിലാളികള്‍ 17ന് രാവിലെ 10ന് വയനാട് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. സേവന-വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന ആവശ്യവുമായാണ് സമരമെന്ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയംഗവും(പിഎല്‍സി)ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ പി.പി. ആലി, മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. സുരേഷ്ബാബു, സ്വന്തന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി. ഹംസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തും.

തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ കാലാവധി 2025 ഡിസംബര്‍ 31ന് അവസാനിച്ചതാണ്. അധ്വാനഭാരം വര്‍ധിപ്പിക്കാതെ പ്രതിദിന വേതനം 2026 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തോടെ 800 രൂപയാക്കണമെന്നും തൊഴിലാളികളുടെ ദുരിത ജീവിതം അവസാനിച്ചതാണ്. ഒന്നര വര്‍ഷത്തിനുശേഷം 2023 ജൂണിലാണ് കൂലി പുതുക്കി വിജ്ഞാപനം ഇറക്കിയത്. 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് കൂലി പുതുക്കിയത്. ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യം നിഷേധിച്ചു. മാസശമ്പളക്കാരുടേതടക്കം മറ്റ് ആനുകൂല്യങ്ങള്‍ പുതുക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ ഇന്നോളം സബ് കമ്മിറ്റി യോഗം ചേര്‍ന്നില്ല.

 

 

498 രൂപയാണ് നിവില്‍ തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലിക്കും വളരെ താഴെയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി മൂന്നു തവണയാണ് ചേര്‍ന്നത്. 2025 ജൂണിലായിരുന്നു ഏറ്റവും ഒടുവിലുത്തെ പിഎല്‍സി യോഗം. യൂണിയനുകള്‍ സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് വരുന്ന 18ന് പിഎല്‍സി യോഗം വിളിച്ചത്.

 

 

യൂണിയനുകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനും പ്ലാന്‍േഷന്‍ ലേബര്‍ കമ്മിറ്റിക്കും ലേബര്‍ കമ്മീഷണര്‍ക്കും പലതവണ കത്ത് നല്‍കിയെങ്കിലും പ്രത്യേകഫലം ഇല്ല. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുനേരേ ഉത്തരവാദപ്പെട്ടവര്‍ കണ്ണടയ്ക്കുകയാണ്. ഈ സ്ഥിതി തുടരാനാകില്ല. 2016ലെ ജസ്റ്റീസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തൊഴിലാളികള്‍ക്ക് അനുകൂലമായ ശിപാര്‍ശകളില്‍ ഒന്നുപോലും പ്രവര്‍ത്തികമായില്ല. എന്നാല്‍ മാനേജ്‌മെന്റുകള്‍ക്ക് ഗുണകരമായ ശിപാര്‍ശകള്‍ നടപ്പാക്കി. തൊഴിലാളികളുടെ ലയങ്ങള്‍ വാസയോഗ്യമാക്കുന്നതിന് സത്വര നടപടി ഉണ്ടാകണം. കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്‌പെഷല്‍ അലവന്‍സ് 10 രൂപയാക്കണം. വിളവെടുക്കുന്ന കാപ്പി 60 കിലോഗ്രാമിന് മുകളില്‍ ഓരോ കിലോഗ്രാമിനും രണ്ട് രൂപ അധികം നല്‍കണം. സര്‍വീസ് വെയിറ്റേജ് കാലാനുസൃതമാക്കണം. മാസശമ്പളക്കാര്‍ക്ക് സീനിയോരിറ്റി അനുസരിച്ച് ഇന്‍ക്രിമെന്റ് നല്‍കണം. തോട്ടം തൊഴിലാളികളുടെയും ആശ്രിതരുടെയും ചികിത്സച്ചെലവ് പൂര്‍ണമായും അനുവദിക്കണം. മരണാനന്തര ചെലവിന് 10,000 രൂപ നല്‍കണം. തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *