ജനഗൽസ- ശ്രദ്ധേയമായ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളുമായി ടോക് ഷോ

കൽപ്പറ്റ: കേരളത്തിലെ ഗോത്രകലകൾ, നേട്ടങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ എന്ന വിഷയത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടോക് ഷോ ശ്രദ്ധേയമായ നിരീക്ഷണങ്ങളും പുതുമയുളള ആശയാവതരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ഗോത്രകലാരൂപങ്ങളുടെ അവതരണം- “ജനഗൽസ’യോടനുബന്ധിച്ചാണ് ടോക് ഷോ സംഘടിപ്പിച്ചത്.

 

പൗരാണികമായ കലാരൂപങ്ങളിലേക്ക് മാത്രം സാംസ്കാരികബോധ്യം കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് ഗോത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമായി ജനഗൽസ എന്ന പദ്ധതിയുമായി കുടുംബശ്രീ മുന്നോട്ടു വരുന്നതെന്ന് ടോക് ഷോയിൽ അഭിപ്രായമുയർന്നു. ഗോത്രകലകൾ ബൗദ്ധികശേഷിയേയും ചിന്താശേഷിയേയും വർധിപ്പിക്കുന്നതിനു സഹായകമാകുന്നതിനൊപ്പം കേരളത്തിലെ വിജ്ഞാന സമൂഹ സൃഷ്ടിയിൽ ഇതിന് വലിയ പങ്കു വഹിക്കാനാകും. സ്വയംപൂർണമായ ഒരു ജനതയാണ് ഗോത്ര സമൂഹം. അവരുടെ സാംസ്കാരിക ബോധ്യത്തിന്റെ ആഴവും തെളിമയും അവരുടെ കലകളെ സമ്പന്നമാക്കുന്നു. പലതരത്തിലുള്ള രാഷ്ട്രനിർമാണത്തിൽ പങ്കാളിത്തം വഹിച്ച ചരിത്രവും ഈ ജനതയ്ക്കുണ്ട്. അവരുടെ ജീവിത പരിസരങ്ങളിൽ നിന്നാണ് അവരുടെ കലകൾ രൂപപ്പെടുന്നത്. ഗോത്ര സംസ്കാരത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന ഈ ജനതയ്ക്ക് ഭൂമിയുടെ മേലുളള അവകാശമാണ് അവരുടെ മൂലധനം. ഗോത്രകലകളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ഭൂമിയുടെ മേലുള്ള സ്വയംഭരണാവകാശം കൂടി അവർക്ക് ലഭ്യമാക്കുന്നതിനുളള സംവിധാനങ്ങൾ സജ്ജമാകണം. തദ്ദേശീയ ജനവിഭാഗത്തിന്റെ കലാരൂപങ്ങൾ മികച്ചതാക്കുന്നതിനൊപ്പം മെച്ചപ്പെട്ട ജീവിതോപാധി ലഭ്യമാക്കുന്നതിനുള്ള അവസരം കൂടി ലഭ്യമാകണം. ഇതിനായി ഗോത്രവിഭാഗത്തിന്റെ അനുഷ്ഠാനങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിനായി ഒാരോ ഉന്നതിയിലും ഇതുമായി ബന്ധപ്പെട്ട പഠനകേന്ദ്രങ്ങൾ തുടങ്ങാവുന്നതാണ്. ഗോത്രകലകളിൽ പലതിലും പ്രകൃതി, സാമൂഹ്യബന്ധങ്ങൾ, പ്രാക്തന സംസ്കാരം എന്നിവ സംബന്ധിച്ച അറിവുകൾ ഉണ്ട്. ഈ ഘടകങ്ങളെ പ്രതേ്യകമായി കണ്ടെത്തി വിദ്യാർത്ഥികളുടെ ബൗദ്ധിക വികാസത്തിനായി ഉപയോഗിക്കാനാകുമെന്നും ടോക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

 

കുടുംബശ്രീ മുൻ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത് മോഡറേറ്റ്റായി.

മലയാളം സർവകലാശാല പ്രൊഫ.ഭരതൻ കെ.എം, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ്, സാഹിത്യ അക്കാദമി അംഗവും കവിയുമായ സുകുമാരൻ ചാലിഗദ്ധ, കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും ഗിന്നസ് അവാർഡ് ജേതാവുമായ രമേഷ് ഉണർവ് എന്നിവർ ടോക് ഷോയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *