വയനാട്ടിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ – ഹരിത വിദ്യാലയത്തിന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻ്റ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്ന് വർഷം തോറും നൽകി വരാറുളള അഞ്ചാമത് സുഗതകുമാരി പുരസ്കാരം സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത ഗോത്രകലാകാരനും കവിയും കേരള സാഹിത്യ അക്കാഡമി മെംബറുമായ സുകുമാരൻ ചാലിഗദ്ദ സമ്മാനിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ. കമലയും വിദ്യാർഥികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. സുഗതകുമാരിയുടെ കൃതികളും മെമൻ്റോയും ക്യാഷ് അവാർഡും ചേർന്നതാണ് പുരസ്കാരം. ബത്തേരി മുനിസ്സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെർസൺ ഷറിന അബ്ദുള്ള ചടങ്ങ് ഉദ്ഘാനം ചെയ്തു. സാംസ്കാരിക – പരിസ്ഥിതി പ്രവർത്തകനായ അഡ്വ. പി. ചാത്തുക്കുട്ടി അധ്യക്ഷതവഹിച്ചു. എൻ. ബാദുഷ, പുഷ്പ്പടീച്ചർ എന്നിവർ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തി.
വിദ്യാർഥികൾ നമ്മുടെയൊക്കെയും ജീവൻ്റെയും നിലനിൽപ്പിന്ന് ആധാരമായ കാടിനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും അറിയുകയും പഠിക്കുകയും വേണമെന്നും പക്ഷികളെയും ചിത്ര ശലഭങ്ങളെയും വന്യജീവികളയും നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നും സുകുമാരൻ ചാലിഗദ്ദ പുരസ്കാരം നൽകിക്കൊണ്ട് കുട്ടികളോട് പറഞ്ഞു. തൻ്റെ പെൺപന്നിയുടെ പാട്ട് എന്ന കവിതയും കാടിനെ കുറിച്ചുള്ള കവിതകളും അവതരിപ്പിച്ചു. സുഗതകുമാരിയുടെ കവിതകൾ വിദ്യാർഥികൾ അവതരിപ്പിച്ചു.
മുനിസിപ്പൽ കൌൺസിലർ പ്രിയ വിനോദ് ,പി.ടി.എ പ്രസിഡണ്ട് എം.സി ശരത്, വൈസ് പ്രസിഡണ്ട് ബിജു കാക്കത്തോട് ,ഡയറ്റ് സിനിയർ അസിസ്റ്റൻ്റ് ടി.എൻ സതീഷ്, പ്രസാദ് (ഹ്യൂം സെൻ്റർ) ബാബു മൈലമ്പാടി ,വർഗ്ഗീസ് വട്ടേക്കാട്ടിൽ സുലോചന രാമൃഷ്ണൻ എം ഗംഗാധരൻ എന്നിവർ ആശംസാപ്രസംഗം നടത്തി. തോമസ്സ് അമ്പലവയൽ നന്ദിപ്രകടനം നടത്തി.
