കോൺഗ്രസ് ഒറ്റപ്പെടുത്തി; ഐ സി ബാലകൃഷ്ണനെതിരെ എൻ എം വിജയന്റെ മകൻ

സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ ഐ.സി. ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ എൻ.എം. വിജയന്റെ കുടുംബം കടുത്ത പ്രതിഷേധവുമായി രംഗത്ത്. എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കുന്നത് നീതികേടാണെന്ന് കുടുംബം ആരോപിച്ചു.

 

അമ്പത് വർഷക്കാലം പാർട്ടിക്കായി ജീവിതം ഉഴിഞ്ഞുവെച്ച പിതാവിനെ മരണം കവർന്നിട്ടും കോൺഗ്രസ് നേതൃത്വം നൽകിയ ഒരു വാഗ്ദാനവും പാലിച്ചില്ലെന്നും തങ്ങളുടെ കുടുംബത്തെ പാർട്ടിയും പ്രവർത്തകരും പൂർണ്ണമായും ഒറ്റപ്പെടുത്തിയെന്നും മകൻ വിജേഷ് കൈരളിന്യൂസിനോട് പറഞ്ഞു. അച്ഛന്റെ മരണശേഷം തങ്ങളെ സഹായിക്കാൻ ആരും വന്നില്ലെന്നും ഇനി ജനങ്ങളാണ് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും കുടുംബം വ്യക്തമാക്കി.

 

ഭയമില്ലാത്ത പിതാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മർദ്ദവുമാണെന്ന് വിജേഷ് പറഞ്ഞു. തന്നെ ഒറ്റക്കാക്കി അച്ഛൻ ഒരിക്കലും പോകില്ലായിരുന്നുവെന്നും, കൂടെയുണ്ടായിരുന്ന അനിയനെ കൂടി മരണത്തിലേക്ക് കൂട്ടിയത് അവനെ തനിച്ചാക്കാൻ വയ്യാത്തതുകൊണ്ടാണെന്നും അദ്ദേഹം സങ്കടത്തോടെ പറഞ്ഞു.

 

“അച്ഛന്റെ പേര് പറഞ്ഞാൽ ഇന്നും ഞങ്ങളെ സ്നേഹത്തോടെ സ്വീകരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്, അവരോട് അച്ഛന്റെ കൂടെ നിൽക്കണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്,” എന്ന് പറഞ്ഞ വിജേഷ്, എൻ.എം. വിജയൻ ആരായിരുന്നു എന്ന് ബത്തേരിയിലെ വോട്ടർമാർ തീരുമാനിക്കട്ടെ എന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *